covid-19

തിരുവനന്തപുരം: ലോക്ക് ഡൗണിൽ വീടുകളിൽ കുടുങ്ങിപ്പോയ കലാകാരൻമാർ കൊവിഡിന്റെ പശ്ചാത്തലത്തിൽ ആവിഷ്കരിച്ച ദൃശ്യാവിഷ്കാരം ഹൃദയാനുഭവമാണ് നൽകുന്നത്. സ്വകാര്യചാനലിന്റെ കൊച്ചി സ്റ്റുഡിയോയിൽ പ്രമോ പ്രൊഡ്യൂസറായ തിരുവനന്തപുരം ആക്കുളം സ്വദേശി എസ്. ബൈജുരാജ് രചിച്ച അൽപ്പം അകലാം. അതിലേറെ അടുക്കാം എന്ന ഗാനവും അതിന്റെ ദൃശ്യാവിഷ്കാരമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്.

'കാലത്തിന് കാലൊച്ചയില്ലാതെ കടന്നുവന്നൊരു കൊറോണയെന്ന്' തുടങ്ങുന്ന ഗാനത്തിനും ദൃശ്യാവിഷ്കാരത്തിനും രണ്ട് മിനിട്ട് ദൈർഘ്യമാണുള്ളത്. ലോക്ക് ഡൗൺ കാലത്ത് വീടുകളിൽ അകപ്പെട്ടുപോയ നാലഞ്ച് കലാകാരന്മാരും സാങ്കേതിക വിദഗ്ദ്ധരുമായ സുഹൃത്തുക്കളുടെ ശ്രമമാണ് രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ഈ ഗാനവും അതിന്റെ ദൃശ്യാവിഷ്കാരവും.

ആക്കുളത്തെ വീട്ടിലിരുന്ന് ബൈജുരാജ് എഴുതിയ വരികൾക്ക് അഞ്ചലിൽ ലോക്ക് ഡൗണിലായ സജീവ് മംഗലത്ത് ഈണം പകർന്നു. കോട്ടയം പാമ്പാടി സ്വദേശി ഭരത് സജിയാണ് ഗാനം ആലപിച്ചത്. സജീവ് മംഗലത്താണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. സാജൻ പോൾ എഡിറ്റിംഗും ബോൾഷി ആർ.എസ് മിക്സിംഗും നിർവ്വഹിച്ചപ്പോൾ കൊവിഡ് മഹാമാരിയുടെ ആഗോള ദൃശ്യങ്ങൾ രജീഷ് സുഗുണനാണ് ദൃശ്യാവിഷ്കാരത്തിനായി സമന്വയിപ്പിച്ചത്. ലോക്ക് ഡൗൺ കാലത്ത് വീടുകളിൽ കുടുങ്ങിപ്പോയ ഇവർ അവരവരുടെ വീടുകളിൽ ഇരുന്നാണ് ഗാനരൂപം ആവിഷ്കരിച്ചത്. വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന്‌ ഇതിന്റെ ശിൽപികൾ അഭിപ്രായപ്പെട്ടു.