air-india-

ന്യൂഡല്‍ഹി: അഞ്ച് എയര്‍ ഇന്ത്യാ പൈലറ്റുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് നടത്തിയ പ്രീ-ഫ്‌ളൈറ്റ് കൊവിഡ് പരിശോധനയിലാണ് ഇവര്‍ക്ക് രോഗം കണ്ടെത്താനായത്. ആരും രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല.

മുംബയ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പൈലറ്റുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവര്‍ ചൈനയിലേക്ക് അടുത്തിടെ ചരക്കു വിമാനങ്ങൾ പറത്തിയിരുന്നതായും എയര്‍ ഇന്ത്യ അറിയിച്ചു.

സര്‍ക്കാർ മാര്‍ഗനിര്‍ദേശ പ്രകാരം പൈലറ്റുമാരേയും ക്രൂ അംഗങ്ങളേയും യാത്രക്കും മുമ്പും ശേഷവും കര്‍ശന ആരോഗ്യ പരിശോധനക്ക് വിധേയരാക്കുന്നുണ്ട്. യാത്ര അവസാനിച്ചതിന് ശേഷം പരിശോധന നടത്തി ഫലം നെഗറ്റീവായാല്‍ മാത്രമേ ഇവരെ താമസസ്ഥലങ്ങളിലേക്ക് വിടാറുള്ളൂ. ഫലം വരുന്നത് വരെ 24 മുതല്‍ 48 മണിക്കൂര്‍ വരെ ഹോട്ടലുകളിലാണ് പൈലറ്റുമാരേയും ക്രൂ അംഗങ്ങളേയും താമസിപ്പിക്കുന്നത്. അഞ്ച് ദിവസത്തിനുള്ളില്‍ വീണ്ടും കൊവിഡ് പരിശോധന നടത്തും. ഇത് നെഗറ്റീവാകുകയും ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും രോഗമില്ലാതിരിക്കുകയും ചെയ്താല്‍ മാത്രമേ അടുത്ത ഡ്യൂട്ടിക്ക് ഇവരെ നിയോഗിക്കുകയുള്ളൂ.