മലയിൻകീഴ്: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും കണ്ടല സർവീസ് സഹകരണ ബാങ്ക് സ്ഥാപക പ്രസിഡന്റുമായ തൂങ്ങാംപാറ ഇറയാംകോട് പുത്തറത്തല വീട്ടിൽ പി.ആർ. ഗോപാലകൃഷ്ണപിള്ളയുടെ ( 94, സഖാവ് പി.ആർ) നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു. കണ്ടല സഹകരണ ബാങ്ക് ഹാളിൽ പ്രസിഡന്റ് എൻ. ഭാസുരാംഗന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐ.ബി. സതീഷ്.എം.എൽ.എ, മലയിൻകീഴ് വേണുഗോപാൽ, പള്ളിച്ചൽ വിജയൻ, സി. സ്റ്റീഫൻ, പി.എസ്. പ്രഷീദ്, ജി.സതീഷ് കുമാർ, എ. സുരേഷ് കുമാർ, തൂങ്ങാംപാറ ബാലകൃഷ്ണൻ, വിളവൂർക്കൽ പ്രഭാകരൻ, ഊരൂട്ടമ്പലം സജി, സുധീർഖാൻ എന്നിവർ സംസാരിച്ചു. കാട്ടാക്കട, മാറനല്ലൂർ പഞ്ചായത്തുകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ കെ.വി സുരേന്ദ്രനാഥിനൊപ്പം പി.ആർ. ഗോപാലകൃഷ്ണപിള്ള മികച്ച പ്രവർത്തനം നടത്തിയെന്ന് ബാങ്ക് പ്രസിഡന്റ് എൻ. ഭാസുരാംഗൻ പറഞ്ഞു. കിസാൻ സഭയുടെ വിവിധ തലങ്ങളിൽ നേതൃത്വപരമായ പങ്കുവഹിച്ച അദ്ദേഹം 13 വർഷമായി കണ്ടല സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവുമാണ്. ഇറയാംകോട് ശ്രീ മഹാദേവർ ക്ഷേത്ര കമ്മിറ്റി മുൻ പ്രസിഡന്റായിരുന്നു. കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ പരിഗണിച്ച് മികച്ച കർഷകനുള്ള നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടെന്നും എൻ. ഭാസുരാംഗൻ പറഞ്ഞു.