covid-19

ടെഹ്രാൻ: കൊവിഡ് ഭേദമായി എന്ന് കരുതി ലോക്ക്ഡൗണിൽ ഇളവ് വരുത്തിയ ഇറാനിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യകളിൽ വീണ്ടും രോഗം വ്യാപിക്കുന്നു. വൈറസ് പൂർണമായി വിട്ടുപോകുന്നതിന് ഇനിയും സമയമെടുക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. കൊവിഡ് വിട്ടുപോയെന്ന് വ്യക്തമായതോടെ ഇറാനിലെ പലസ്ഥലങ്ങളിലും ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇവിടെയെല്ലാം വീണ്ടും രോഗം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.

ശനിയാഴ്ച മാത്രം 1500 പുതിയ കേസുകളാണ് ഈ മേഖലയിൽ റിപ്പോർട്ട് ചെയ്തത്. ഖുസെസ്താനിൽ രോഗം പടരുകയാണ്. ഖുസെസ്താൻ പ്രവിശ്യ ചുവപ്പ് ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വീണ്ടും രോഗം പടരാനുണ്ടായ സാഹചര്യം പരിശോധിക്കുകയാണ് സർക്കാർ. എന്ത് ചെയ്യണമെന്നറിയാതെ അധികൃതർ വിഷമിക്കുകയാണ്. ഇറാനിലെ മറ്റു മേഖലകളിൽ രോഗം കുറഞ്ഞിട്ടുണ്ട്.രാജ്യത്ത് ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. ചൈനയുമായി വ്യാപാര ഇടപാടുള്ള വ്യക്തികളിലായിരുന്നു രോഗം സ്ഥിരീകരിച്ചത്.