ആറ്റിങ്ങൽ: ലോക്ക് ഡൗണിനെ തുടർന്ന് കൊല്ലമ്പുഴ തിരുവാറാട്ടുകാവ് ദേവീക്ഷേത്രത്തിൽ കുടുങ്ങിയ ഈരാറ്റുപേട്ട കാവേരി എന്ന ആന അഡ്വ. ബി.സത്യൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് ഇന്ന് നാട്ടിലേക്ക് യാത്രയാകും. ഇതിനായുള്ള പാസ് പാപ്പാനെ ഏൽപ്പിച്ച എം.എൽ.എ പ്രതിസന്ധിയിലും ആനയെ പരിപാലിച്ചതിന് പാപ്പാനെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. നഗരസഭാ മുൻ ചെയർമാൻ അഡ്വ. സി.ജെ. രജേഷ്‌കുമാർ, വാർഡ് കൗൺസിലർ ആർ.എസ്. പ്രശാന്ത്, ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ സെക്രട്ടറി വിഷ്ണുചന്ദ്രൻ, പ്രശാന്ത്, സുഖിൽ, അജിൻ പ്രഭ, ജതീഷ്, ശരത്, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി രഞ്ജിത്ത് എന്നിവർ പങ്കെടുത്തു. ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഏർപ്പെടുത്തിയ ലോറിയിലാണ് ആനയെ നാട്ടിലേക്കയക്കുന്നത്. വാഴക്കുലയും, പഴവർഗങ്ങളുമായാണ് ആനയെ കാണാൻ എം.എൽ.എയും ഡി.വൈ.എഫ്.ഐ പ്രവർത്തകരും എത്തിയത്. ഈരാറ്റുപേട്ടയിലെത്തുന്നത് വരെ ആനയ്ക്കും പാപ്പാനുമുള്ള ഭക്ഷണം അതാത് മേഖലകളിലെ ഡി.വൈ.എഫ്.ഐ യൂണിറ്റുകൾ നൽകുമെന്ന് വിഷ്‌ണുചന്ദ്രൻ അറിയിച്ചു. കഴക്കൂട്ടം മേഖലയിലെ ഉത്സവത്തിന് ശേഷം മടങ്ങവേ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ആറ്റിങ്ങലിൽ കുടുങ്ങിയ ആനയെ എത്രയും വേഗം നാട്ടിലെത്തിക്കാൻ ഡി.വൈ.എഫ്.ഐ നിവേദനവും നൽകിയിരുന്നു. ഇത്രയും ദിവസം ആനയ്ക്ക് ഭക്ഷണമെത്തിച്ചതും പ്രദേശത്തെ ചെറുപ്പക്കാരാണ്.