health-minister-

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് പാസ് വൈകുന്നത് മുൻഗണന ക്രമം പാലിക്കുന്നതിനാലാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഗർഭിണികൾക്കും രോഗികൾക്കുമാണ് മടങ്ങിവരുന്നവരിൽ മുൻഗണന നൽകുന്നതെന്നും മന്ത്രി പറഞ്ഞു. പാസിന് അപേക്ഷിച്ച വൃദ്ധർക്കും വിദ്യാർത്ഥികൾക്കും പ്രത്യേക പരിഗണന നൽകും. ക്രമീകരണങ്ങളും പാസുകളുമില്ലാതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നത് വെല്ലുവിളിയാണ്. പുറത്ത് നിന്ന് വരുന്നവർ നിരീക്ഷണത്തിൽ പോയില്ലെങ്കിൽ രോഗവ്യാപനം കൂടുമെന്നും മന്ത്രി പറഞ്ഞു.

മുംബയ് ഹിന്ദുജ ആശുപത്രിയടക്കമുള്ള സ്ഥാപനങ്ങളിലെ നഴ്സുമാരുടെ ദുരവസ്ഥയിൽ സംസ്ഥാന സർക്കാർ ഇടപെടും. തിരിച്ചെത്തിയ പല പ്രവാസികൾക്കും രോഗം ഉണ്ടാകാൻ സാധ്യതയുണ്ട്. വിമാനത്തിൽ കയറും മുമ്പ് പരിശോധന നടത്തണമെന്ന് പറഞ്ഞത് അതുകൊണ്ടാണ്. ഇന്നും പോസിറ്റീവ് കേസ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സർക്കാർ നടത്തിയത് ചിട്ടയായ കൊവിഡ് പ്രതിരോധ പ്രവർത്തനമാണെന്ന് പറഞ്ഞ മന്ത്രി പ്രവാസികൾ വന്നുകൊണ്ടിരിക്കുന്നതിനാൽ സംസ്ഥാനത്ത് ജാഗ്രത ആവശ്യമാണെന്നും പറഞ്ഞു. കര-വ്യോമ-ജല ഗതാഗത മാർഗങ്ങളിലൂടെ സംസ്ഥാനത്ത് വരുന്നവരെയെല്ലാം ഒരു പോലെയാണ് സംസ്ഥാനം നിരീക്ഷിക്കുന്നത്. നിരീക്ഷണം ലംഘിച്ചാൽ തക്കതായ ശിക്ഷയുണ്ടാകും.വീട്ടിൽ നിരീക്ഷണം ലംഘിക്കുന്നവരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.