തിരുവനന്തപുരം : സർക്കാറിന്റെ ഹെലികോപ്ടർ അവയവദാനത്തിന് ഉപയോഗിച്ചത് സ്വാഗതാർഹമെങ്കിലും പ്രതിമാസം രണ്ടു കോടി രൂപ ചെലവുവരുന്ന ഹെലികോപ്ടർ ഇടപാടിനെ ഒരു ലക്ഷത്തിൽ താഴെ മാത്രം ചെലവുവരുന്ന ഇൗ ഒരു യാത്രയിലൂടെ ന്യായീകരിക്കാനാവില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.
സംസ്ഥാനത്തിന്റെ അടിയന്തര ആവശ്യങ്ങൾക്ക് എപ്പോഴും ലഭ്യമായ ഇന്ത്യൻ നേവിയുടെ ഹെലികോപ്ടർ ഉപയോഗിച്ചിരുന്നെങ്കിൽ ചെലവ് ഒരു ലക്ഷത്തിൽ താഴെ നിൽക്കുമായിരുന്നു. രണ്ടു കോടിക്ക് ഹെലികോപ്ടർ വാടകയ്ക്ക് എടുത്തതിന് പകരം എയർ ആംബുലൻസ് തുടങ്ങിയിരുന്നെങ്കിൽ വിവാദം ഉണ്ടാകില്ലായിരുന്നു. ഒരു മാസം 20 മണിക്കൂർ ഉപയോഗിക്കുന്നതിനുള്ള പണം സംസ്ഥാനം നൽകുന്നുണ്ടെങ്കിലും ഇതുവരെ ഹെലികോപ്ടർ ഉപയോഗിച്ചത് ഒരു തവണ മാത്രമാണ്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് എയർ ആംബുലൻസ് സ്ഥിരം സംവിധാനമാക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് വന്ന ഇടതുസർക്കാർ അതുമായി മുന്നോട്ടുപോയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.