azhoorkrishi

മുടപുരം: ദിവസങ്ങളായി പെയ്യുന്ന മഴയിലും ശക്തമായ കാറ്റിലും അഴൂർ ഗ്രാമ പഞ്ചായത്തിൽ വൻ കൃഷിനാശം. വാഴയ്ക്കും റബറിനുമാണ് വൻ നാശമുണ്ടായത്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ചതായി കർഷകർ പറഞ്ഞു. ഗാന്ധിസ്മാരകം സുലേഖ ക്ലേ ഫാക്ടറിയുടെ മുൻവശത്തുള്ള സ്വരലയ സുദേവൻ വക രണ്ടേക്കർ സ്ഥലത്ത് നട്ട് വളർത്തിയിരുന്ന 200 ൽ പരം റബർ മരങ്ങൾ ശക്തമായ കാറ്റിൽ കടപുഴകി വീണു. രണ്ട് വർഷം കൊണ്ട് വെട്ടിത്തുടങ്ങിയ ഇതിൽ നിന്ന് പ്രതിമാസം 25000 രൂപ കിട്ടുമായിരുന്നെന്ന് കർഷകൻ പറഞ്ഞു.

അഴൂർ പഞ്ചായത്തിൽ 30 ഏക്കർ പുരയിടം പാട്ടത്തിനെടുത്ത് വാഴകൃഷി ചെയ്യുന്ന മുട്ടപ്പലം നെടുവേലിവീട്ടിൽ സുരേഷ്, മുടപുരം കൂടത്തിൽ വീട്ടിൽ ബൈജുലാൽ,​ വണ്ടിത്തടം വീട്ടിൽ പുഷ്‌പദേവൻ എന്ന കർഷക കൂട്ടായ്മക്കാണ് വാഴകൃഷിയിൽ ഭീമമായ നഷ്ടം സംഭവിച്ചത്. ഓണത്തിന് വിളവെടുക്കാൻ പാകത്തിലുള്ള വാഴകളാണ് നശിച്ചത്. ഏത്തൻ, കപ്പ, ഞാലിപ്പൂവൻ, പാളയൻ കോടൻ തുടങ്ങിയ ഇനത്തിലുള്ളവയാണ് കൃഷി ചെയ്തിരുന്നത്.

23000 -ൽ പരം വാഴകളാണ് ഒടിഞ്ഞ് വീണത്. ഇതിൽമാത്രം 60 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി സുരേഷ് പറഞ്ഞു. ലോൺ എടുത്തും കടം വാങ്ങിയുമാണ് ഇവർ കൃഷിയിറക്കിയത്. അതിനാൽ ഭീമമായി വന്ന ഈ നഷ്ടം എങ്ങനെ വീട്ടുമെന്ന് അറിയാതെ സങ്കടപ്പെട്ടിരിക്കുകയാണ് കർഷകർ. നഷ്ടം നികത്താൻ സർക്കാർ സഹായം നൽകിയില്ലെങ്കിൽ വാഴകൃഷി അവസാനിപ്പിക്കേണ്ടി വരുമെന്ന് ഇവർ പറഞ്ഞു. പലരിൽ നിന്നും പാട്ടത്തിനെടുത്ത പുരയിടമായതിനാൽ വിള ഇൻഷ്വർ ചെയ്യാൻ കഴിയില്ലെന്ന് സുരേഷ് പറഞ്ഞു. മികച്ച കർഷകനായി പലതവണ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി കൂടിയാണ് സുരേഷ്. കാറ്റിലും മഴയിലും നശിച്ച കൃഷിയിടങ്ങൾ അഴൂർ കൃഷി ഓഫീസർ അനശ്വര,​ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. എസ്. കൃഷ്ണകുമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അഴൂർ വിജയൻ, കെ. ഓമന, പൊതുപ്രവർത്തകരായ ജി. സുരേന്ദ്രൻ, എ.ആർ. നിസാർ, എസ്.ജി. അനിൽകുമാർ തുടങ്ങിയവർ സന്ദർശിച്ചു. കൃഷി നശിച്ചവർക്കും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവർക്കും അടിയന്തരമായി നഷ്ടപരിഹാരങ്ങൾ നൽകണമെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. എസ്. കൃഷ്ണകുമാർ ആവശ്യപ്പെട്ടു.