lali

തിരുവനന്തപുരം: ഇന്നലെ മാതൃദിനമായിരുന്നു എന്ന് ഓർമ്മ പോലുമില്ലായിരുന്നു ദേവികയ്ക്ക്. ഒരാഴ്ചയായി തങ്ങൾ അനുഭവിക്കുന്ന സങ്കടങ്ങൾക്കിടെ ദിവസങ്ങളും പ്രത്യേകതകളും ഓർമ്മ വരുന്നതെങ്ങനെ...

കഴിഞ്ഞ ബുധനാഴ്ച മസ്തിഷ്കമരണം സംഭവിച്ച ചെമ്പഴന്തി അണിയൂർ കല്ലിയറ ഗോകുലത്തിൽ ലാലി ഗോപകുമാറിന്റെ (50) മകളാണ് ദേവിക. ഹൃദയം നുറുങ്ങുന്ന വേദനയിലും കരയുന്ന അമ്മമാരുടെ കണ്ണീരൊപ്പാൻ തങ്ങളുടെ അമ്മയ്ക്ക് സാധിക്കുമെങ്കിൽ അതിന് നൂറു മനസോടെ സമ്മതം മൂളിയ മകൾ. ആ അമ്മയുടെ അവയവങ്ങൾ തങ്ങളിതുവരെ കാണാത്ത അഞ്ച് പേർക്ക് ജീവൻ പകരുന്നതിൽ ആശ്വാസം കണ്ടെത്തുകയാണ് ഈ കുടുംബം.

ഗോപിക, ദേവിക, ഗോപീഷ് എന്നീ മൂന്ന് മക്കൾക്ക് ഇനി അച്ഛൻ ഗോപകുമാർ മാത്രം. അച്ഛന് മക്കൾ മാത്രവും. അമ്മയില്ലാത്ത മാതൃദിനമാണ് കടന്നുപോയതെന്ന് ഓർക്കാൻ കൂടി വയ്യ മക്കൾക്ക്. അമ്മയുടെ ചികിത്സാർത്ഥം ആശുപത്രിക്ക് സമീപമെടുത്ത റൂമിലിരുന്ന് സംസാരിക്കുമ്പോൾ കരയാതെ പിടിച്ചുനിൽക്കാൻ ശ്രമിക്കുകയാണ് കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൂടിയായ ദേവിക.

അമ്മ അങ്ങനെ അസുഖമായി ആശുപത്രിയിൽ കിടന്നിട്ടൊന്നുമില്ല, എപ്പോഴും കളിയും ചിരിയുമായി നടന്നയാളാണ്. എല്ലാവർക്കും പറ്റുന്ന സഹായങ്ങളൊക്കെ ചെയ്യും. പെട്ടന്നുള്ള അമ്മയുടെ പോക്ക് ഞങ്ങൾക്ക് താങ്ങാനായിട്ടില്ല. അമ്മ മടങ്ങിവരുമെന്ന് വിശ്വസിക്കുന്നതിനിടയിലാണ് പ്രതീക്ഷയൊട്ടുമില്ലെന്ന് ഡോക്ടർ പറഞ്ഞത്. പിന്നീടാണ് അവയവദാനത്തെപ്പറ്റി ചിന്തിക്കുന്നതും. ഞങ്ങളെപ്പോലെ കരയുന്ന ഒരുപാട് കുടുംബങ്ങളുണ്ടല്ലോ, അവർക്ക് സഹായമാകുമെങ്കിൽ അതല്ലേ നല്ലത്. ഞങ്ങളുടെ വിഷമം മറ്റാർക്കും വരേണ്ട, അമ്മയിലൂടെ അവർക്ക് ജീവിതം കിട്ടിയാൽ സന്തോഷമാണ്, ദേവിക പറയുന്നു. എല്ലാ മാതൃദിനത്തിലും അമ്മയെ വിളിച്ച് ആശംസകൾ അറിയിക്കാറുണ്ടായിരുന്നു ഈ മക്കൾ. എല്ലാ വിശേഷങ്ങളും ആഘോഷിക്കും. അമ്മയായിരുന്നു ലോകം. എന്തുണ്ടെങ്കിലും വിളിച്ച് പറയാവുന്ന വലിയ ലോകം. വലിയ ആശ്വാസമാണ് അമ്മയോട് സംസാരിക്കുമ്പോൾ. 7ാം തീയതി അമ്മയുടെയും അച്ഛന്റെയും വിവാഹവാർഷികമായിരുന്നു. നേരത്തെ പ്ലാൻ ചെയ്തതാണ് ആഘോഷിക്കണമെന്ന്...പക്ഷെ അമ്മ കാത്തുനിന്നില്ല. ഗൾഫിൽ നഴ്സായ മൂത്ത മകൾ ഗോപികയ്ക്ക് അമ്മയെ അവസാനമായി കാണാൻ പോലും കഴിഞ്ഞില്ല. ഈ വർഷം ജനുവരിയിലാണ് ഗൾഫിൽ അക്കൗണ്ടന്റായ ഭർത്താവ് ശരത് ബാബുവിനൊപ്പം ഗോപിക അവിടേക്ക് പോയത്. ഇളയമകൻ ഗോപീഷ് നെടുമങ്ങാട് മോഹൻദാസ് എൻജിനിയറിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ്. ലാലിയുടെ ഹൃദയം സ്വീകരിച്ച ലീനയുടെ ഭർത്താവും മകനും ദേവികയെ വിളിച്ചിരുന്നു. വൃക്ക സ്വീകരിച്ചയാളുടെ സുഹൃത്തും വിളിച്ചു. ഇന്ന് രാവിലെ 10.30ഓടെ ലാലിയുടെ മൃതദേഹം വീട്ടിലെത്തിക്കും. 11 മണിയോടെ ലാലി പഠിപ്പിച്ചിരുന്ന പൗണ്ട്കടവ് ഗവ.എച്ച്.ഡബ്ലിയു.എൽ.പി സ്കൂളിൽ പൊതുദർശനം. തുടർന്ന് കുളത്തൂർ എസ്.എൻ.ഡി.പി ശ്‌മശാനത്തിൽ സംസ്കാരം.