vld-3

വെള്ളറട: കഴിഞ്ഞ രണ്ട് ദിവസത്തിനിടയിൽ പാമ്പുപിടിത്തക്കാരൻ ഉണ്ടൻകോട് സ്വദേശി ലാലു വെള്ളറടയിലും പരിസരപ്രദേശങ്ങളിലുമായി പിടികൂടിയത് മുട്ടയിട്ട് അടയിരിക്കുകയായിരുന്ന നാലു മൂർഖൻ പാമ്പുകളെ. ചെമ്പൂര്, പാലിയോട്, ആനപ്പാറ എന്നിവിടങ്ങളിൽ നിന്നാണ് നാല് മൂർഖൻ പാമ്പുകളും 77 പാമ്പിൻ മുട്ടകളും മുപ്പത്തഞ്ചുകാരനായ ലാലു പിടിച്ചത്. പാമ്പുകളെ നെയ്യാർ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുവിട്ടു. മേഖലയിൽ ഇപ്പോൾ മൂർഖൻ പാമ്പുകളെ വ്യാപകമായി കാണുന്നുണ്ട്. വനം വകുപ്പിലെ മുൻ താത്കാലിക ജീവനക്കാരനായ ലാലു മുട്ടകളെല്ലാം വീട്ടിൽ വിരിയാൻ വച്ചു. രണ്ടുദിവസം കൊണ്ട് 48 കുഞ്ഞുങ്ങളാണ് വിരിഞ്ഞത്. ബാക്കിയും കൂടെ വിരിയുന്ന മുറയ്ക്ക് നെയ്യാർ വന്യജീവി സങ്കേതത്തിലേക്ക് ഇവയെ തുറന്നുവിടുമെന്ന് ലാലു പറഞ്ഞു. ഇതുവരെ പതിനായിരത്തിലധികം പാമ്പുകളെ ലാലു പിടിച്ചിട്ടുണ്ട്.