uralunjkal-
രമേശൻ പാലേരി

ലോക്ക് ഡൗൺ കാരണം പ്രതിസന്ധിയിലായ കേരളത്തിന് എളുപ്പത്തിൽ കരകയറാനാകും. പറയുന്നത് മറ്റാരുമല്ല,​ പ്രതിസന്ധികളെ കരുത്താക്കിയും എതിർപ്പുകളെ വളമാക്കിയും മുന്നേറിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി.

പ്രവാസികളുടെ മടങ്ങി വരവ് ഗുണകരമായ ഫലം ഉണ്ടാക്കുമെന്ന കണക്കുകൂട്ടലാണ് ഈ ആത്മവിശ്വാസത്തിന്റെ ആധാരം.

പ്രവാസികൾ കഴിവുള്ളവരും പ്രവർത്തി പരിചയമുള്ളവരുമാണ്. മുതൽമുടക്കാനുള്ള കഴിവുമുണ്ട്.

വിദേശത്ത് മുതൽമുടക്കിയ പലർക്കും അടുത്തകാലത്തുണ്ടായ ദുരനുഭവങ്ങൾ സംസ്ഥാനത്ത് മുതൽമുടക്കാൻ പ്രേരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.

'' ഇപ്പോൾ നേരിടുന്ന പ്രശ്നം നമ്മുടേത് മാത്രമല്ല,​ ലോകത്താകമാനമുള്ളതാണ്.

അതിനാൽ അതിനെ പോസിറ്റീവായി വേണം കാണാൻ. അല്ലാതെ അതും പറഞ്ഞിരുന്നാൽ അങ്ങനെ ഇരിക്കാനെ കഴിയൂ.

കൊവിഡ് കാലത്ത് ഞാനും എം.ഡി എസ്. ഷാജുവും ഓരോ വിഭാഗത്തിന്റെയും മേധാവിമാരുമായും വീഡിയോ കോൺഫറൻസ് വഴി കാര്യങ്ങൾ ചർച്ച ചെയ്തു. കൊവിഡ് നമ്മുടെ രംഗത്തെ എങ്ങനെ ബാധിക്കും എന്ന് ഒരു പഠനം നടത്തി. ആറു മാസം വരെ പ്രത്യഘാതം ഉണ്ടാകുമെന്നാണ് കണ്ടെത്തിയത്. അത് ഒരു വർഷംവരെ പോയാലും അദ്ഭുതപ്പെടാനില്ല.'' രമേശൻ പാലേരി പറഞ്ഞു.

പ്രശ്നത്തെ അതിജീവിക്കാൻ ചിലഗുണകരമായ മാറ്റങ്ങൾ കൂടി ആവശ്യമാണെന്ന് അദ്ദേഹം പറയുന്നു ''എല്ലാമേഖലയിലും കഴിവുള്ളവരെ വാർത്തെടുക്കാൻ അന്താരാഷ്ട്ര നിലവാരമുള്ള സ്കിൽഡ് ഡെവലപ്പ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് വേണം. ബി.ടെക് കഴിഞ്ഞതുകൊണ്ടു മാത്രം ഒരാൾ വിദഗ്ദ്ധനാകണമെന്നില്ല. എം.ബി.എ കഴിഞ്ഞയാൾക്ക് മാനേജ്മെന്റ് എന്താണെന്ന് അറിയണമെന്നില്ല. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്ന വിധത്തിലുള്ള ഇൻസ്റ്റിറ്ര്യൂട്ടാണ് വേണ്ടത്. കാലം മാറുന്നതിനുസരിച്ച് എല്ലാ മേഖലയിലും പുതിയ സാങ്കേതിക വിദ്യ നടപ്പാകണം. കൃഷിക്കും നിർമ്മാണമേഖലയ്ക്കും ടൂറിസത്തിനും പ്രധാന്യം കൊടുക്കണം. മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണം തുടങ്ങണം. അതില്ലാത്തതാണ് കർഷകർക്ക് വരുമാനം കുറയാൻ കാരണം. എല്ലാവിധ പഴംവും പച്ചക്കറിയും ഇവിടെ ഉത്പാദിപ്പിക്കണം അതിനുസരിച്ച് സംഭരണ സംവിധാനം വേണം. തായ്ലാൻഡിൽ ഒരുതേങ്ങയിൽ നിന്ന് 200 രൂപയുടെ മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കും. അത് ഇവിടേയും വരണം. അതൊക്കെ ചിന്തിച്ചു തുടങ്ങേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. ഉപഭോക സംസ്കാരത്തിൽ നിന്ന് ഉത്പാദന സംസ്കാരത്തിലെത്തണം.

തൊഴിലാളികളാണ്

വിജയരഹസ്യം

സത്യസന്ധമായിട്ടാണ് പ്രവർത്തനം. നമ്മളെ ഏൽപ്പിക്കുന്ന റോഡായാലും പാലമായാലും എല്ലാം സമയബന്ധിതമായി തീർക്കും. തൊഴിലാളികളുടെ സ്ഥാപനമാണിത്. അവരുടെ വിശ്വാസം നൽകുന്ന ചങ്കൂറ്റത്തിലാണ് മുന്നോട്ടു പോകുന്നത്. അതാണ് 2008ൽ കോഴിക്കോട് സൈബർ പാർക്ക് തുടങ്ങാൻ ധൈര്യം നൽകിയത്. ഇപ്പോൾ 35 കമ്പനികളിലായി രണ്ടായിരത്തോളം പേർ ജോലിചെയ്യുന്നു.

ആരംഭത്തിൽ കൂലി വാങ്ങാതെയും വളർച്ചയുടെ ഘട്ടത്തിൽ കൂടുതൽ അദ്ധ്വാനിച്ചും പടുത്തുയർത്തിയ ഈ സെസൈറ്റി എന്നും തൊഴിലാളികളെ സംരക്ഷിക്കും. അവരുടെ ക്ഷേമകാര്യം,​ വീട് നിർമ്മാണം,​ വിവാഹം,​ മരണം എന്നിങ്ങനെ എല്ലാത്തിനും നമ്മൾ സഹായിക്കും. അപകടം സംഭവിച്ചാൽ എല്ലാ ചികിത്സയും നമ്മൾ നൽകും. അവർക്ക് എല്ലാം ആനുകൂല്യങ്ങളും ലഭ്യമാക്കും. തൊഴിലാളികളെ നമ്മൾ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്താൽ മാത്രമേ അവരും അവരുടെ കുടുബവും നമ്മളെ സ്നേഹിക്കുകയുള്ളൂ.

കൊല്ലത്ത് ചവറയിലെ തൊഴിൽ വകുപ്പിന്റെ ഐ.ഐ.ഐ.സി ഏറ്റെടുത്ത് നടത്തുന്നു. വടകരയിലെ ഡി.ഡി.ജി.കെ.വൈ സ്ഥാപനം നോക്കി നടത്തുന്നു.

തൊണ്ടയാട് ബൈപ്പാസിൽ ഫ്ലൈ ഓവർ പദ്ധതി പൂർത്തിയാക്കി 17 കോടി സർക്കാരിന് തിരിച്ചുകൊടുത്തത് സത്യസന്ധതയുടെ ഒരു ഉദാഹരണം മാത്രം. തൊഴിലാളികളിൽ 5000 പേർ അന്യ സംസ്ഥാനങ്ങളിലുള്ളവരാണ്. അവർക്കും നമ്മൾ സി ക്ളാസ് മെമ്പർഷിപ്പ് കൊടുക്കുന്നുണ്ട്. ബോണസ് കൊടുക്കും. പിന്നെ 20 ലക്ഷംരൂപവരെ ലഭിക്കുന്ന ഇൻഷ്വറൻസ് പാക്കേജും നടപ്പാക്കിയിട്ടുണ്ട്.

സ്വാമി വാഗ്ഭടാനന്ദന്റെ ആത്മീയ

ചൈതന്യത്തിൽ പിറന്ന പ്രസ്ഥാനം

സാമൂഹ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഒരു കൂട്ടം ചെറുപ്പക്കാർ സ്വാമി വാഗ്ഭടാനന്ദ ഗുരുവിനെ വടകരയിലെ ഊരാളുങ്കലിലേക്ക് കൊണ്ടുവന്നു. കാരക്കാടെന്നാണ് ഈ പ്രദേശം അന്ന് അറിയപ്പെട്ടിരുന്നത്. പിന്നീട് വാഗ്ഭടാനന്ദന്റെ നേതൃത്വത്തിൽ അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ പ്രവർത്തനങ്ങൾ നടന്നു. അവയെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി 1917ൽ കേരള ആത്മവിദ്യാസംഘം രൂപീകരിച്ചു. കറപ്പയിൽ കണാരൻ മാസ്റ്റർ, കുന്നേത്ത് കുഞ്ഞേക്കു ഗുരുക്കൾ, പാലേരി ചന്തമ്മൻ, വണ്ണാത്തിക്കണ്ടി കണ്ണൻ എന്നിവരായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവർത്തകർ. ഈ സംഘടനക്കെതിരെ ജന്മിമാർ ഒന്നിക്കുകയും ജോലി നിഷേധിക്കുകയും ചെയ്തു. സംഘത്തിൽ പ്രവർത്തിക്കുന്നവരുടെ മക്കളെ സ്‌കൂളിൽ പോലും കയറ്റാതായി. ഇതിനെതിരായി സംഘം 1924ൽ കാരക്കാട്ട് ആത്മവിദ്യാസംഘം എൽ.പി.സ്‌കൂൾ എന്ന വിദ്യാലയമാരംഭിച്ചു. ജോലിയില്ലാത്തവർ 1925 ഫെബ്രുവരി 13 ന് ഊരാളുങ്കലിൽ കൂലിവേലക്കാരുടെ പരസ്പരസഹായ സംഘം രൂപീകരിച്ചു. അംഗങ്ങൾക്കെല്ലാം ഭക്ഷണം നൽകുന്നതിന് ഊരാളുങ്കൽ ഐക്യനാണയസംഘം എന്നൊരു കാർഷക ബാങ്ക് കൂടി ഇവർ ആരംഭിച്ചു. കൂലിവേലക്കാരുടെ സംഘം പിന്നീട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയായി രൂപാന്തരപ്പെട്ടു.

14 പേരടങ്ങുന്ന പ്രമോട്ടിംഗ് കമ്മിറ്റിക്കായിരുന്നു ഇതിന്റെയെല്ലാം നിയന്ത്രണം. ചാപ്പയിൽ കുഞ്ഞ്യേക്കു ഗുരുക്കളായിരുന്നു ആദ്യകാല പ്രസിഡന്റ്. തൊഴിലാളികൾക്കുമാത്രമേ സംഘത്തിൽ അംഗത്വമെടുക്കാനാവൂ. തൊഴിലാളികൾക്കേ ഡയറക്ടർ ബോർഡിൽ അംഗത്വം ലഭിക്കൂ. രമേശൻ പാലേരിയുടെ അപ്പൂപ്പൻ പാലേരി ചന്തമ്മൻ 19 വർഷം പ്രസിഡന്റായിരുന്നു. അച്ഛൻ പാലേരി കാണാരൻ മാസ്റ്റർ 32 വർഷം നയിച്ചു. തിരഞ്ഞെടുപ്പെല്ലാം ജനാധിപത്യരീതിയിലായിരുന്നു. വനിതകൾക്കും ദളിത് വിഭാഗത്തിലുള്ളവർക്കുമെല്ലാം പ്രത്യേക പരിഗണന ഡയക്ടർ ബോർഡിൽ നൽകിയിട്ടുണ്ട്.

പുതിയ തൊഴിൽ സംസ്കാരം കൊണ്ടു വന്നതുകൊണ്ടു തന്നെ തൊഴിൽ സമരങ്ങളുണ്ടായിട്ടില്ല. ഇന്ന് കൽപ്പണിക്കാരനും ഐ.ടി വിദഗ്ദ്ധനും ഊരാളുങ്കലിൽ തൊഴിലവസരം ഉണ്ട്. ആയിരത്തോളം എൻജിനായർമാരുണ്ട്. അത്ര തന്നെ ഓഫീസ് സ്റ്റാഫുണ്ട്. 13,​000 തൊഴിലാളികളുണ്ട്.

പുതിയ പദ്ധതികൾ

വ്യത്യസ്ഥമായ രീതിയിൽ ഒരു ഫാം പദ്ധതി പ്ളാൻചെയ്തു വരുന്നു.
ഐ.ടി രംഗത്തു നിന്ന് വിരമിക്കുന്നവർക്കും ഗൾഫിൽ നിന്ന് മടങ്ങിയെത്തുന്നവർക്കുമെല്ലാം ആദായം കിട്ടുന്ന പശുവളർത്തൽ പദ്ധതിയാണത്. ടൂറിസം പദ്ധതിയായ കോവളത്തെ ക്രാഫ്ട് വില്ലേജ് പദ്ധതി മാർച്ചിൽ ഉദ്ഘാടനം ചെയ്യും.


പേരക്കുട്ടിയാണ് സ്വർഗം

പേരക്കുട്ടി വാക്ഭ കെയ്ലാനാണ് വീട് സ്വർഗമാക്കുന്നതെന്ന് രമേശൻ പാലേരി പറയുന്നു. മകൻ രമിന്റെ കുട്ടിയാണ്. ഒരു വയസും നാലുമാസവുമേ ആയിട്ടുള്ളൂ. കാനഡയിലാണ് ജനിച്ചത്. കഴിഞ്ഞ മാർച്ചിൽ ഇവിടെ എത്തി. മരുമകൾ: അരുണിമ. തിരുവനന്തപുരം സ്വദേശിയാണ്. ഇളയമകൻ : അശ്വിന്റെ വിവാഹ നിശ്ചയം ജനതാ ക‌‌ർഫ്യൂവിന്റെ അന്നായിരുന്നു. അവൻ ഇപ്പോൾ ഖത്തറിലാണ്.