ചികിത്സയിലുള്ളത് 20 പേർ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ ഏഴു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതിൽ മൂന്നുപേർ പ്രവാസികളാണ്. വയനാട് സ്വദേശികളായ മൂന്നുപേർക്കും തൃശൂർ സ്വദേശികളായ രണ്ടുപേർക്കും മലപ്പുറം, എറണാകുളം സ്വദേശികളായ ഓരോരുത്തർക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. തൃശൂരിലെ രണ്ടു പേരും മലപ്പുറം സ്വദേശിയും ഏഴാം തീയതി അബുദാബിയിൽ നിന്നെത്തിയവരാണ്.
വയനാട്ടിലെ രണ്ടുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. വയനാട്ടിലെ ഒരാളും എറണാകുളത്തെ ഒരാളും ചെന്നൈയിൽ നിന്ന് വന്നതാണ്. ഇതോടെ മടങ്ങിയത്തിയ പ്രവാസികളിൽ രോഗംബാധിച്ചവരുടെ എണ്ണം അഞ്ചായി.
അതേസമയം, കണ്ണൂരിൽ രണ്ടു പേരുടെയും പാലക്കാടും കാസർകോട്ടും ഓരോരുത്തരുടെയും പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ഏറ്റവുമധികം രോഗികളുണ്ടായിരുന്ന കാസർകോട് ജില്ല കൊവിഡ് മുക്തമായി. നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ 20 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് പുതിയ ഹോട്ട് സ്‌പോട്ടുകളില്ല.