തിരുവനന്തപുരം: വട്ടിയൂർക്കാവ് കാഞ്ഞിരംപാറയിൽ നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് കാർ യാത്രക്കാരായ അമ്മയ്ക്കും മകനും സാരമായി പരിക്കേറ്റു. സ്റ്റാച്യു പുളിമൂട് സ്വദേശികളായ രാധ (67), മകൻ മണികണ്ഠൻ (42) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30ന് കാഞ്ഞിരംപാറ പെട്രോൾ പമ്പിനു സമീപത്തെ വളവിലായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം മരുന്ന് വാങ്ങി മടങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടമായി കാർ പോസ്റ്റിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് കാറിനു മുകളിലേക്ക് വീണു. ഫയർഫോഴ്സെത്തി കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ചെങ്കൽച്ചൂള ഫയർ സ്റ്റേഷൻ ഓഫീസർ സി. അശോക് കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാർ, പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. വട്ടിയൂർക്കാവ് സി.ഐ എ.എസ് ശാന്തകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പൂർണമായി തകർന്ന കാർ അപകടസ്ഥലത്തുനിന്നു നീക്കി. കുറച്ചുനാൾ മുമ്പ് ഇതേ സ്ഥലത്ത് വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ ജീപ്പ് അപകടത്തിൽപ്പെട്ടിരുന്നു.