തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് റൂറൽ ജില്ലയിൽ ഇന്നലെ രജിസ്റ്റർ ചെയ്തത് 195 കേസുകൾ. 194 പേരെ അറസ്റ്റു ചെയ്തു. 121 വാഹനങ്ങൾ പിടിച്ചെടുത്തു. കൂടാതെ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്തതിന് 166 പേർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ജില്ലയിൽ ഇതുവരെ ലോക്ക് ഡൗൺ ലംഘനങ്ങൾക്കെതിരെ 20,817 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വ്യാജവാറ്റ് തടയുന്നതിനായി റൂറൽ ജില്ലാ പൊലീസ് മേധാവി ബി. അശോകന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വലിയമല സ്റ്റേഷൻ പരിധിയിൽപ്പെട്ട മൊട്ടമൂട് കുഴിവിള വീട്ടിൽ സ്റ്റംബർ അനീഷ് (30), പുലിപ്പാറ അഖിലേഷ് ഭവനിൽ അനൂപ് (24) എന്നിവരെ 50 ലിറ്റർ കോടയുമായി അറസ്റ്റ് ചെയ്തു. ജില്ലയിൽ മരുന്ന് ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്ന പദ്ധതി തുടരുകയാണ്. ജില്ലയിലെ 18 ബോർഡർ ചെക്കിംഗ് പോയിന്റുകളിൽ കർശന വാഹന പരിശോധനയും ഊടുവഴികളിലൂടെ ഒളിച്ചുകടക്കുന്നവരെ തടയുന്നതിനുവേണ്ടി പട്രോളിംഗും നടക്കുന്നുണ്ട്.