തിരുവനന്തപുരം: ബഹുസ്വരതയ്ക്കും വിശ്വാസ സംരക്ഷണത്തിനും വേണ്ടിയുള്ള സമരമായിരുന്നു റംസാൻ പതിനേഴിന് നടന്ന ബദ്ർ യുദ്ധമെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി പറഞ്ഞു. പ്രാർത്ഥനയുടെ കരുത്ത് കൊണ്ട് മർദ്ദിത സമൂഹം വിജയിച്ച ചരിത്രമാണ് ബദ്‌റിന് പറയാനുള്ളത്. കൊവിഡ് മഹാമാരിയെയും ദൈവ സഹായത്തിലൂടെ ജയിക്കാൻ സാദ്ധ്യമാവുമെന്നും ഇമാം പ്രത്യാശ പ്രകടിപ്പിച്ചു. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ബദ്ർ ദിനത്തിൽ സംഘടിപ്പിച്ച ഓൺലൈൻ പ്രാർത്ഥനാസംഗമത്തിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മുൻ എം.എൽ.എ അബ്ദുറഹ്മാൻ രണ്ടത്താണി പ്രാർത്ഥനാസംഗമം ഉദ്ഘാടനം ചെയ്‌തു. ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷനായി. ബീമാപള്ളി സക്കീർ,​ എം.എസ്. ഫൈസൽ ഖാൻ (നൂറുൽ ഇസ്ലാം യൂണിവേഴ്‌സിറ്റി പ്രോ ചാൻസലർ), ഇമാം ബദറുദീൻ മൗലവി, വിഴിഞ്ഞം ഹനീഫ്, മുഹമ്മദ് ബഷീർ ബാബു, പി. സെയ്ദലി, അബൂബക്കർ ബാലരാമപുരം തുടങ്ങിയവർ പങ്കെടുത്തു.