തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച ഞായറാഴ്ച ലോക്ക് ഡൗൺ ജില്ലയിൽ പൂർണം. അവശ്യസർവീസുകളൊഴികെ മറ്റ് വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. കച്ചവട സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. നഗരത്തിലും നഗരാതിർത്തിയിലും കർശന പരിശോധനയാണ് പൊലീസ് നടത്തിയത്. മെഡിക്കൽ സ്റ്റോറുകൾക്ക് പ്രവർത്തനാനുമതിയുണ്ടെങ്കിലും വളരെ കുറച്ച് മെഡിക്കൽ സ്റ്റോറുകൾ മാത്രമാണ് ഇന്നലെ തുറന്നത്. ഹോട്ടൽ, പാഴ്സൽ സർവീസുകൾ മുടങ്ങിയില്ല. പാൽ, പത്രം, ആശുപത്രികൾ, ലാബുകൾ തുടങ്ങിയവയ്ക്ക് പ്രവർത്തിക്കാൻ തടസമുണ്ടായില്ല. ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കുമെന്ന് സർക്കാർ നേരത്തെ തന്നെ അറിയിപ്പ് നൽകിയിരുന്നു. ഈ നിർദ്ദേശങ്ങളോട് ജനങ്ങൾ സഹകരിച്ചതോടെ നിരത്തിൽ തിരക്കൊഴിഞ്ഞു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് തുറക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും പലരും കടകൾ തുറന്നില്ല. പല സ്ഥലങ്ങളിലും തുറന്ന കടകൾ പൊലീസെത്തി അടപ്പിച്ചു. ഹോട്ടലുകളിൽ രാത്രി 10വരെ ഭക്ഷണം ഓൺലൈനായി വിതരണം ചെയ്‌തു. നിയന്ത്രണത്തിന്റെ ഭാഗമായി മ്യൂസിയം ജംഗ്ഷൻ - വെള്ളയമ്പലം, കവടിയാർ - രാജ്ഭവൻ - വെള്ളയമ്പലം, പട്ടം - കുറുവൻകോണം - കവടിയാർ തുടങ്ങിയ റോഡുകൾ ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചിരുന്നു. അത്യാവശ്യ യാത്രക്കാരൊഴികെ ആരെയും പൊലീസ് കടത്തിവിട്ടില്ല. മരണാനന്തരചടങ്ങ്, വിവാഹം എന്നിവ നടത്താൻ അനുമതി നൽകിയിരുന്നു. ചരക്കുവാഹനങ്ങൾക്കും മാലിന്യസംസ്‌കരണ ഏജൻസികൾക്കും ലോക്ക് ഡൗൺ ബാധകമാക്കിയിരുന്നില്ല. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളായ സ്റ്റാച്യു, ചാലക്കമ്പോളം, കിള്ളിപ്പാലം, മെഡിക്കൽ കോളേജ് പരിസരം എന്നിവിടങ്ങളെല്ലാം ആളൊഴിഞ്ഞുകിടന്നു. ആശുപത്രികളിലും തിരക്കൊഴിഞ്ഞു. ഇന്ന് പഴയതുപോലെ കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കും. വാഹനങ്ങൾക്കും നിരത്തിലിറങ്ങാം.
പ്രഭാതസവാരിക്കും സൈക്കിൾ
യാത്രയ്‌ക്കും അനുമതി
ലോക്ക് ഡൗൺ ദിനമാണെങ്കിലും പ്രഭാതസവാരിക്കും സൈക്കിൾ യാത്രയ്ക്കും മാത്രമായി ഇന്നലെ പൊലീസ് റോഡ് തുറന്നുനൽകി. നിയന്ത്രണത്തിന്റെ ഭാഗമായി അടച്ച റോഡുകളിലാണ് പുലർച്ച അഞ്ച് മുതൽ രാവിലെ 10 വരെ തുറന്നുനൽകിയത്. വരുന്ന ഞായറാഴ്ചയും ഇത് തുടരാനാണ് പൊലീസിന്റെ തീരുമാനം. നിരവധി പ്രഭാത സവാരിക്കാരും സൈക്കിൾ യാത്രികരുമാണ് ഇന്നലെയും നിരത്തിലിറങ്ങിയത്. മാസ്‌കുകൾ ധരിച്ചും സാമൂഹികാകലം പാലിച്ചും മാത്രമാണ് ഇവർക്ക് സഞ്ചരിക്കാൻ അനുമതി നൽകിയത്.