പാറശാല: ലോക്ക് ഡൗണിൽ അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളിൽ ഇഞ്ചിവിള ചെക്ക് പോസ്റ്റുവഴി ഇന്നലെ 111 പേർ മടങ്ങിയെത്തി. 51പുരുഷന്മാരും 60 സ്ത്രീകളുമാണെത്തിയത്. ആർക്കും രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു. തമിഴ്നാട് 105, ഛത്തീസ്ഗഢ് 4, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് എത്തിയത്. ഇതിൽ 88 പേർ തിരുവനന്തപുരം സ്വദേശികളാണ്. എട്ടുപേർ ആലപ്പുഴ, അഞ്ച് പേർ കൊല്ലം, മൂന്ന് പേർ എറണാകുളം സ്വദേശികളാണ്. പത്തനംതിട്ട, കോട്ടയം, മലപ്പുറം സ്വദേശികളായ രണ്ട് വീതംപേരും തൃശൂർ സ്വദേശിയായ ഒരാളും എത്തി. 34പേർ വിവിധ റെഡ് സോണുകളിൽ നിന്നെത്തി. ഇവരെ വീടുകളിൽ നിരീക്ഷണത്തിന് അയച്ചു.
തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിൽ നിന്ന് ഇന്നലെ രാവിലെ 10ന് എത്തിയ പൂന്തുറ സ്വദേശികളായ ആറംഗസംഘത്തിന് അതിർത്തി കടക്കാൻ പാസ് ഇല്ലായിരുന്നു. വൈകുന്നേരം 4 മണിവരെയും കടത്തിവിട്ടില്ല. ഇവർ തമിഴ്‌നാട്ടിലെ ആരുവാമൊഴിയിൽ തമിഴ്‌നാട് സർക്കാരിന്റെ ക്വാറന്റൈൻ പൂർത്തിയാക്കിയതിനെ തുടർന്നാണ് അതിർത്തിയിൽ എത്തിയത്. ഈ വിവരം കേന്ദ്രത്തിൽ ഉണ്ടായിരുന്ന നെയ്യാറ്റിൻകര തഹസീൽദാറെ അറിയിച്ചെങ്കിലും കടത്തിവിട്ടില്ല. വിവരം കളക്ടറുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് ഇവർക്ക് കടന്ന് പോകാനുള്ള പാസ് പിന്നീട് അനുവദിച്ചു. പരിശോധനകൾ പൂർത്തിയാക്കി വൈകിട്ടോടെ ഇവരെ കടത്തിവിട്ടു. അതേസമയം, കാഞ്ചീപുരത്ത് നിന്ന് പാസ് ഇല്ലാതെ എത്തിയ ഒരു കുട്ടി ഉൾപ്പെടെയുള്ള രണ്ട് കുടുംബങ്ങൾ അടങ്ങുന്ന സംഘത്തെ കടത്തിവിട്ടില്ല.