01

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ച ഞായറാഴ്ച ലോക്ക് ഡൗണിൽ ചെറുകിട സ്ഥാപനങ്ങൾ അടഞ്ഞുകിടന്നപ്പോൾ വൻകിട കുത്തകകൾക്ക് പ്രവർത്തനാനുമതി നൽകിയത് പ്രതിഷേധാർഹമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി. അവശ്യസാധനങ്ങൾ വിൽക്കുന്ന ചെറുകിട സ്ഥാപനങ്ങൾ മുഴുവൻ അടച്ചിട്ട് വ്യാപാരികൾ സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചപ്പോൾ ചില വൻകിട സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ പൊലീസ് മൗനാനുവാദം നൽകി. അവശ്യ സാധനങ്ങളായ പാൽ,​ പത്രം എന്നിവ വിൽക്കാമെന്ന സർക്കാർ നിർദ്ദേശത്തെ ദുർവ്യാഖ്യാനം ചെയ്‌താണ് ഇവർ നിയമലംഘനം നടത്തിയത്. ജില്ലയിലെ ചിലയിടത്ത് ഉച്ചയോടു കൂടി ഇത്തരം സ്ഥാപനങ്ങൾ അടപ്പിച്ചു. എന്നാൽ ചിലയിടത്ത് മുഴുവൻ സമയവും തുറന്നുപ്രവർത്തിച്ചെന്നും സമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കമലാലയം സുകു, ജില്ലാ പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി എസ്.എസ്. മനോജ്, ട്രഷറർ നെട്ടയം മധു എന്നിവർ പറഞ്ഞു.