തിരുവനന്തപുരം: കൊവിഡിന്റെയും ലോക്ക് ഡൗണിന്റെയും കാലത്ത് കൈത്തറിയെയും പരമ്പരാഗത തൊഴിലാളികളെയും രക്ഷിക്കാൻ കേരള കസവ് മാസ്‌ക് വിപണിയിലെത്തി. വേദികയുടെ മൈത്രി ശ്രീകാന്ത് ആരംഭിച്ച കേരള കസവ് മാസ്‌ക് ഇന്ന് നൂറുകണക്കിന് കൈത്തറി തൊഴിലാളികൾക്ക് ആശ്രയവും പ്രതീക്ഷയുമായി മാറി. ഏപ്രിൽ 30ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റയാണ് കസവ് മാസ്‌ക് വിപണിയിലെത്തിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കൈത്തറിക്കും കസവിനും പുറമെ പയ്യന്നൂർ ഖാദി, കലംകാരി, ബ്ളോക്ക് പ്രിന്റഡ്, ഐകാറ്റ് മാസ്‌കുകളും ഡിസൈനർ, സ്റ്റൈലിഷ് മാസ്കുകളും വിപണിയിലുണ്ട്. 20 രൂപ മുതൽ ഖാദിയുടെ അഞ്ച് മാസ്‌കിന്റെ 100 രൂപയുടെ സ്‌പെഷ്യൽ പാക്കേജ് വരെ വിപണിയിലുണ്ട്. ബാലരാമപുരത്തെ പരമ്പരാഗത കൈത്തറി തൊഴിലാളികളുടെ ജീവിതം രക്ഷപ്പെടുത്താനുള്ള ഇൗ പുതുസംരംഭത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. സ്ത്രീകളാണ് പുതിയ സംരംഭത്തിൽ മുന്നിൽ നിൽക്കുന്നത്. ഒറ്റത്തവണത്തെ ഉപയോഗത്തിനല്ല, കഴുകി ശുദ്ധിവരുത്തി വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന മാസ്‌കുകൾ ആരോഗ്യസുരക്ഷ മാത്രമല്ല നിരവധി കുടുംബങ്ങൾക്ക് ജീവിത പ്രതീക്ഷ കൂടിയാണ് നൽകുന്നതെന്ന് മൈത്രി ശ്രീകാന്ത് പറഞ്ഞു.