തിരുവനന്തപുരം: ലോക്ക് ഡൗണിൽ ഉപജീവനം മുട്ടിയതോടെ നാട്ടിൽ പോകണമെന്നാവശ്യപ്പെട്ട് ഇന്നലെ സമ്പൂർണ ലോക്ക് ഡൗൺ നിയമം ലംഘിച്ച് തലസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികൾ തെരുവിൽ കൂട്ടത്തോടെയെത്തി. ഇവരെ പിരിച്ചുവിടാനെത്തിയ പൊലീസിന് നേരെ നടത്തിയ കല്ലേറിലും അക്രമത്തിലും സി.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ കൂടുതൽ പൊലീസ് എത്തിയാണ് മൂന്ന് മണിക്കൂർ നീണ്ട സംഘർഷാവസ്ഥ നിയന്ത്രണ വിധേയമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് 600ഓളം തൊഴിലാളികൾക്കെതിരെ പൊലീസ് കേസെടുത്തു. പേട്ട സി.ഐ ഗിരിലാലിനും, ഡ്രൈവർ ദീപു, ഹോം ഗാർഡ് അശോകൻ എന്നിവർക്കുമാണ് അക്രമത്തിൽ പരിക്കേറ്റത്. ഇവർ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് നഗരത്തിലെ ഒരു മാളിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരുവാതിൽക്കോട്ടയിൽ താമസിച്ചിരുന്ന 750 ഒാളം തൊഴിലാളികൾ റോഡിലേക്ക് സംഘടിച്ചെത്തിയത്. ഒരുവാതിൽകോട്ട ദേവയാനി മെമ്മോറിയിൽ സ്‌കൂളിന് പുറകിലെ ലേബർ ക്യാമ്പിലെ താമസക്കാരാണിവർ. ബാഗും സാധനങ്ങളുമായി ആദ്യം ക്യമ്പിൽ കുത്തിയിരുന്നു. പിന്നാലെ ബഹളം തുടങ്ങി. ക്യാമ്പിലെ സെക്യൂരിറ്റി ജീവനക്കാരൻ അറിയിച്ചതനുസരിച്ച് ആദ്യം അഞ്ചോളം പൊലീസുകാർ സ്ഥലത്തെത്തി ഇവരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കുടുതൽ പേർ തടിച്ചു കൂടിയതറിഞ്ഞ് പേട്ട സി.ഐ ഗിരിലാലിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഇവരുമായി ചർച്ച നടത്തി. എന്നാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തണമെന്നാവശ്യപ്പെട്ട ഇവർ പിന്മാറാൻ തയാറായില്ല. സി.ഐയും സംഘവും തിരികെ മടങ്ങുന്നതിനിടയിലാണ് പൊലീസിന് നേരെ ഇവർ ഹോളോബ്രിക്‌സ് കട്ടകൾ വലിച്ചെറിഞ്ഞത്. ഏറിൽ സി.ഐയുടെ നെറ്റിക്കും കൂടെയുള്ള രണ്ടു പൊലീസുകാർക്കും പരിക്കേറ്റു. ഇതോടെ എസ്.എ.പി ക്യാമ്പിൽ നിന്നുള്ള പൊലീസ്‌ വൻ സന്നാഹനങ്ങളോടെ സ്ട്രൈക്കർ സംഘവും സ്ഥലത്തെത്തി. കുടുതൽ പൊലീസുകാർ എത്തിയതോടെ ആക്രമണത്തിൽ നിന്നും ഇവർ പിന്മാറി. എന്നാൽ ബഹളവും പ്രതിഷേധവും തുടർന്നു. പിന്നീട് ശംഖുമുഖം എ.സി.പി ഐശ്വര്യ ഡോംഗ്ര സ്ഥലത്തെത്തി മൈക്കിലൂടെ ഹിന്ദിയിൽ ഇവരുമായി സംസാരിച്ചു. നാട്ടിലേക്കു മടങ്ങാനുള്ള അവസരം ഒരുക്കാമെന്നും ബഹളം പാടില്ലെന്നും അറിയിച്ചതോടെ രാത്രി 7.30ഓടെയാണ് ഇവർ പ്രതിഷേധത്തിൽ നിന്നും പിന്മാറിയത്. ഒരാഴ്ചയ്ക്ക് മുമ്പും ഇവർ ബാഗുകളുമായി റോഡിലിറങ്ങിയിരുന്നു. അന്നും പൊലീസെത്തിയാണ് ഇവരെ അനുനയിപ്പിച്ചത്.