തിരുവനന്തപുരം: 48 പവൻ സ്വർണവും 64,000 രൂപയുമായി സ്കൂട്ടറിൽ പോകവേ പെടുന്നനെ മോഹനനെ കാണാതായിട്ട് ഇന്നേക്ക് അഞ്ചുനാൾ. ആര്യനാട് പറണ്ടോട്ടെ സ്വകാര്യ ഫിനാൻസിലെ ജീവനക്കാരനായ ഉഴമലയ്ക്കൽ കുളപ്പട ഏദൻ നിവാസിൽ മോഹനനെ (56) മേയ് 8നാണ് പേരൂർക്കടയിൽ നിന്ന് കാണാതായത്. അവിടെയും ഉഴമലയ്ക്കലിലെ വീട്ടുപരിസരങ്ങളിലും ഉൾപ്പെടെ അരിച്ചുപെറുക്കിയിട്ടും ഒരു തുമ്പും കിട്ടിയില്ല. നാട്ടുകാർ പണയംവച്ച സ്വർണമാണ്‌ മോഹനന്റെ കൈയിലുണ്ടായിരുന്നത്. ബന്ധുവായ സ്വർണപ്പണയ സ്ഥാപനമുടമയും വീട്ടുകാരും അങ്കലാപ്പിലാണ്. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം വിജയിക്കാതിരുന്നതോടെ മറ്റ് വഴികളിലേക്ക് അന്വേഷണം ഉൗർജിതമാക്കിയിരിക്കുകയാണ് നെടുമങ്ങാട് ഡിവൈ.എസ്.പി സ്‌റ്റുവർട്ട് കീലറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം.

സംഭവം ഇങ്ങനെ

പത്തോളം ശാഖകളുള്ള ഐശ്വര്യ ഫിനാൻസ് ഉടമ ജയകുമാറിന്റെ സഹോദരീ ഭർത്താവായ മോഹനൻ 10 വർഷമായി ഇവിടത്തെ ജീവനക്കാരനാണ്. ഫിനാൻസിൽ പണയമായി ലഭിക്കുന്ന സ്വർണം പേരൂർക്കട സഹകരണബാങ്കിൽ പണയം വയ്‌ക്കുകയും അവിടെനിന്നു തിരികെ എടുക്കേണ്ട ഉരുപ്പടികൾ എടുത്ത് ഫിനാൻസിൽ എത്തിക്കുകയുമാണ് ജോലി. രാവിലെ 9 മണിയോടെ ഫിനാൻസിൽ നിന്നു പുറപ്പെടുകയും 12 മണിക്കു മുൻപ് തിരികെ മടങ്ങുന്നതുമാണ് പതിവ്. 8 ന് കാണാതായതോടെ ഫോണും സ്വിച്ചോഫാണ്.

സി.സി.ടി.വിയിലുള്ളത്

പേരൂർക്കടനിന്നു കരകുളം ആറാംകല്ല് വരെ മോഹനൻ സ്‌കൂട്ടറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ വിവിധ സി.സി.ടിവികളിലുണ്ട്. 11.09നാണു അവസാന ദൃശ്യം ലഭിച്ചത്. ഈ കാമറയ്ക്കുശേഷം 200 മീറ്റർ കഴിഞ്ഞുമാത്രമേ അടുത്ത കാമറയുള്ളൂ. ഇതിൽ ഇയാൾ കടന്നുപോകുന്നതായുള്ള ദൃശ്യമില്ല. ഈ മേഖലയിലെ ഇടറോഡുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

സിഗ്‌നലിലും വ്യക്തതയില്ല

മോഹനന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ ഇപ്പോഴും പേരൂർക്കട തന്നെയാണ് കാണിക്കുന്നത്. എന്നാൽ 12 മണിയോടെ നെടുമങ്ങാട് മഞ്ച ടവറിന് കീഴിൽ ഇയാൾ എത്തിയതായി ലൊക്കേഷൻ കിട്ടിയെങ്കിലും അത് ശരിയാകാൻ വഴിയില്ലെന്നാണ് പൊലീസ് കരുതുന്നത്.

ശത്രുക്കളില്ലെന്ന് മകൻ

തങ്ങൾക്ക് ആരും ശത്രുക്കളായി ഇല്ലെന്നാണ് മോഹനന്റെ മൂത്തമകൻ അമൽ പറഞ്ഞത്. കായികശേഷിയുള്ള ആളാണ് അച്ഛനെന്നും മുൻപ് കോണ്ടിനെന്റൽ ബുക്ക്സിലെ സെക്യൂരിറ്റിയായി ജോലിചെയ്തിട്ടുണ്ടെന്നും അമൽ പറഞ്ഞു.