strike

തിരുവനന്തപുരം: തങ്ങളെ നാട്ടിലേക്ക് വിടാൻ അധികാരികൾ മനഃപൂർവം തയ്യാറാകുന്നില്ലെന്നും 50 പേരെയെങ്കിലും ക്യാമ്പിൽ നിന്നും വീടുകളിലേക്ക് മടക്കിവിടാത്തതിന്റെ കാരണം എന്താണെന്നും ചോദിച്ചായിരുന്നു ഇന്നലെ ഒരുവാതിൽകോട്ടയിൽ അന്യസംസ്ഥാന തൊഴിലാളികൾ സമരത്തിനിറങ്ങിയത്. 'തങ്ങൾക്കും വീടും ഭാര്യയും മക്കളുമുണ്ട്, അവരെ കാണാൻ ആഗ്രഹമുണ്ട്' - ആക്രോശത്തിനിടയിൽ അവർ വിളിച്ചുപറഞ്ഞു. ആയിരത്തിലധികം പേരെ ജാർഖണ്ഡിലേക്ക് കൊണ്ടുപോയിട്ടും തങ്ങളുടെ ദൈന്യത അറിയാൻ ആരും തയ്യാറാകുന്നില്ലെന്നായിരുന്നു ഇവരുടെ പരാതി. വൈകിട്ട് മൂന്നുമണിക്ക് തുടങ്ങിയ പ്രതിഷേധം പെരുമഴ പെയ്‌തിട്ടും തണുത്തില്ല. ഇവരോടൊപ്പം അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തി പല ജില്ലകളിലായി പണിയെടുത്തവരിൽ പലരും ഇതിനോടകം നാട്ടിലേക്ക് മടങ്ങിപ്പോയിട്ടും തങ്ങളെ സഹായിക്കാൻ ആരും ഇടപെടുന്നില്ലെന്നായിരുന്നു ബഹളത്തിനിടെ ഇവർ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത്. നാട്ടിൽ മടങ്ങിയെത്തിയവരിൽ പലരും ഫോണിൽ മടങ്ങിവരവിനെക്കുറിച്ച് ചോദിക്കുന്നതും ഇവരെ അസ്വസ്ഥരാക്കിയിരുന്നു. മുൻദിവസങ്ങളിലെ പ്രതിഷേധത്തിന്റെ തുടർച്ചയായിരുന്നു ഇന്നലെ ഉണ്ടായത്. നാട്ടിലേക്ക് തിരികെപ്പോകണമെന്ന് ഇവർ ബഹളം വയ്‌ക്കും, പൊലീസെത്തി ഇവരെ അനുനയിപ്പിക്കും അതായിരുന്നു ഒരാഴ്ചയായി നടന്നിരുന്നത്. എന്നാൽ ഇന്നലെ പൊലീസിന്റ അനുനയ വാക്കുകൾ കേൾക്കാൻ ഇവർ തയ്യാറായില്ല. അതിനിടെയാണ് പിറകിൽ നിന്നും അക്രമാസക്തരായ ഒരുകൂട്ടം തൊഴിലാളികൾ പൊലീസിന് നേരെ കല്ല് വലിച്ചെറിയാൻ തുടങ്ങിയത്. തൊഴിലാളികളെ കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഉടനെ അതുണ്ടാകുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകിയ മറുപടിയാണ് രാത്രി വൈകി ഇവരെ പ്രതിഷേധത്തിൽ നിന്നും പിന്തിരിപ്പിച്ചത്. എ.സി.പി ഐശ്വര്യ ഡോംഗ്രെ നൽകിയ ഉറപ്പിൽ വിശ്വസിച്ചിരിക്കുകയാണിപ്പോൾ തൊഴിലാളികൾ. യാത്ര ഉടനുണ്ടായില്ലെങ്കിൽ വീണ്ടും പ്രതിഷേധം ഉണ്ടാകുമെന്നാണ് പൊലീസും കണക്കുകൂട്ടുന്നത്.