പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും കൈക്കുഞ്ഞ് മരിച്ചു. ജനിച്ച് ഏഴ് ദിവസം മാത്രം പ്രായമായ കുഞ്ഞാണ് മരിച്ചത്. അട്ടപ്പാടി വെള്ളകുളം ഊരിലാണ് സംഭവം. ചിത്ര - ശിവൻ ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ജന്മനാ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഈ വർഷം മാത്രം അട്ടപ്പാടിയിൽ മരിക്കുന്ന അഞ്ചാമത്തെ കുഞ്ഞാണ് ഇത്. കേരളം ശിശുമരണ നിരക്ക് ഏഴിലേക്ക് എത്തിച്ച് അഭിമാന നേട്ടം കൈവരിച്ചതിന് തൊട്ടുപിന്നാലെയാണ് അട്ടപ്പാടിയിൽ ശിശുമരണം ഉണ്ടാകുന്നത്. ഇന്ത്യയിൽ ആയിരം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ 32 കുഞ്ഞുങ്ങൾ മരിക്കുന്നുവെന്ന കണക്കുകൾ നിലനിൽക്കെയാണ് കേരളം ഈ നേട്ടം കൈവരിച്ചത്.