pic

കൊച്ചി: പ്രവാസികൾ മടങ്ങിയെത്തിത്തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും സർക്കാ‍ർ നിരീക്ഷണ കേന്ദ്രങ്ങളുടെ നടത്തിപ്പിൽ ആശയക്കുഴപ്പം തുടരുന്നതായി റിപ്പോർട്ട്. അതത് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങൾക്കാണ് കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല. ഇവയുടെ നടത്തിപ്പിന് വൻ പണച്ചെലവുണ്ട്. സംസ്ഥാന സർക്കാർ ഇതിനായി തദ്ദേശ സ്ഥാപനങ്ങൾക്ക് പണം അനുവദിച്ചിട്ടില്ല. അതോടെ നിരീക്ഷണകേന്ദ്രങ്ങളുടെ നടത്തിപ്പിനുള്ള പണം കണ്ടെത്തേണ്ട ബാധ്യത തദ്ദേശ സ്ഥാപനങ്ങളുടെ ചുമലിലായി.കമ്മ്യൂണിറ്റി കിച്ചൺ നടത്തിപ്പോടെ തന്നെ കൈ പൊള്ളിയ അവസ്ഥയിലാണ് സംസ്ഥാനത്തെ ഒട്ടുമിക്ക തദ്ദേശസ്ഥാപനങ്ങളും. പ്രവാസികളുടെ വരവ് കൂടുന്നതോടെ പ്രതിസന്ധിയിലാകുമെന്ന ആശങ്ക തദ്ദേശ സ്ഥാപനങ്ങൾ ഇതിനകം സർക്കാരിനെ അറിയിച്ചു. നിരീക്ഷണ കേന്ദ്രങ്ങളുടെ നടത്തിപ്പ് മാസങ്ങളോളം തുടരേണ്ടി വരുമെന്നതാണ് ആശങ്ക വർദ്ദിപ്പിക്കുന്നത്.


രജിസ്റ്റർ ചെയ്ത മുഴുവൻ ആളുകളെയും കേരളം സ്വീകരിക്കുമെന്നും ഇതിനായി 1.35 ലക്ഷം മുറികൾ ഒരുക്കിയിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയേയും അറിയിച്ചിരുന്നു. നിരീക്ഷണ കാലയളവിലെ ഭക്ഷണമടക്കം ചിലവ് താങ്ങാനാവുന്നതിന് അപ്പുറമാണെന്ന് തദ്ദേശ സ്ഥാപനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഒരാൾ ഉപയോഗിച്ച കിടക്ക മറ്റൊരാൾ ഉപയോഗിക്കരുത്, ഇത് കത്തിച്ചു കളയണം. ഓരോരുത്തർക്കും പുതുതായി പാത്രമടക്കം എല്ലാ സാധനങ്ങളും വാങ്ങണം. വരും ദിവസങ്ങളിൽ ഇത്തരം നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് ധാരാളം പേരെത്തും. സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും നിരീക്ഷണ കേന്ദ്രങ്ങള്‍ തുറക്കേണ്ടി വരും. ഇതോടെ പ്രതിസന്ധി താങ്ങാനാവുന്നതിനും അപ്പുറമാകും.