flight-

ദുബായ്: പ്രവാസികളുമായി ഗൾഫിൽനിന്ന് രണ്ട് വിമാനങ്ങൾ ഇന്ന് കേരളത്തിലേക്കെത്തും. ദുബായിൽനിന്ന് കൊച്ചിയിലേക്കും ബഹ്‌റനിൽ നിന്ന് കോഴിക്കോട്ടേക്കുമാണ് വിമാനങ്ങൾ. ദുബായിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനം 177 യാത്രക്കാരുമായി ഉച്ചയ്ക്ക് 1.15-ന് യാത്രതിരിക്കും. ബഹ്‌റനിൽ നിന്നുള്ള രണ്ടാംവിമാനത്തിൽ 180 മുതിർന്നവരും നാല് കുഞ്ഞുങ്ങളുമാണ് ഉണ്ടാവുക.

വൈകീട്ട് പ്രാദേശികസമയം 4.30-നാണ് ബഹ്‌റൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാനം പുറപ്പെടും. ഇന്ത്യൻസമയം രാത്രി 11.20-ന് ഇത് കോഴിക്കോട്ട്‌ എത്തിച്ചേരും. ഇന്ത്യൻ എംബസിയിൽ സജ്ജീകരിച്ച എയർഇന്ത്യയുടെ താത്കാലിക ഓഫീസിലാണ് ടിക്കറ്റ് വിതരണംചെയ്തത്. ഗർഭിണികൾ, ജോലിനഷ്ടപ്പെട്ടവർ തുടങ്ങിയവരാണ് പട്ടികയിൽ ഇടംപിടിച്ചവരിൽ അധികവും.

ആദ്യഘട്ടത്തിൽ ബഹ്‌റനിൽ നിന്ന് രണ്ട് വിമാനങ്ങൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. രണ്ടാംഘട്ടത്തിൽ കൂടുതൽ വിമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 13,000-ത്തിലധികം പേരാണ് ഇന്ത്യൻ എംബസിയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.