തിരുവനന്തപുരം:മതിയായ അനുമതികളില്ലാതെ കേരളത്തിലേക്ക് യാത്ര ചെയ്യുന്നവരെ തടയാൻ തമിഴ്നാട്ടിൽ ഇന്നുമുതൽ കർശന പരിശോധന. കേരള, തമിഴ്നാട് ഡി.ജി.പിമാർ നടത്തിയ ചർച്ചയിലാണ് പരിശോധന നടത്തി ആവശ്യമായ രേഖകളില്ലാത്തവരെ പിടികൂടി തിരിച്ചയക്കാൻ തീരുമാനമായത്.
വാളയാറിൽ കേരള തമിഴ്നാട് അതിർത്തിയിൽ മതിയായ യാത്രാപാസില്ലാതെ അൻപതോളം പേരാണ് കഴിഞ്ഞ ദിവസം എത്തിയത്. രാത്രിയും പകലും നടുറോഡിൽ കഴിഞ്ഞിട്ടും ഇവരെ അതിർത്തി കടത്തിവിടാൻ അധികൃതർ തയ്യാറായില്ല.ഇതിന്റെ പേരിൽ വൻ വിമർശനമാണ് അധികൃതർ കേൾക്കേണ്ടി വന്നത്.തുടർന്നാണ് ഡി.ജി.പി ലോക്നാഥ് ബഹ്റ തമിഴ്നാട് ഡി.ജി.പിയുമായി ഫോണിൽ ചർച്ച നടത്തിയതും തീരുമാനത്തിലെത്തിയതും.
ചെന്നൈ മുതൽ ചെക്ക് പോസ്റ്റുകൾ വരെയുള്ള റോഡുകളിൽ എല്ലാ വാഹനങ്ങളും പരിശോധിക്കും. കേരളത്തിന്റെയും തമിഴ്നാടിന്റെയും യാത്ര പാസുകളില്ലാത്തവരെ വന്ന സ്ഥലങ്ങളിലേക്കു മടക്കിവിടും. ഇന്നലെവരെ ഏതെങ്കിലും ഒരു പാസുള്ളവരെ യാത്ര തുടരാൻ തമിഴ്നാട് അനുവദിച്ചിരുന്നു. കൂട്ടത്തോടെ പാസില്ലാത്ത ആളുകൾ ചെക്ക് പോസ്റ്റുകളിൽ കുടുങ്ങി കിടക്കുന്നത് തമിഴ്നാടിന് തലവേദനയാണ്. ഇവർക്ക് സുരക്ഷയൊരുക്കുന്നതുതന്നെയാണ് പ്രധാന ബാധ്യത. കഴിഞ്ഞ ദിവസം കുടുങ്ങികിടക്കുന്നവർക്ക് രാത്രി സുരക്ഷിത സ്ഥലമൊരുക്കിയത് കോയമ്പത്തൂർ പൊലീസായിരുന്നു.