poli

ഇടുക്കി: സർക്കാരിന്റെ വക ആറു ദിവസത്തെ ശമ്പളം പിടിക്കൽ. അതിനിടെ പൊലീസ് അസോസിയേഷൻ വക ഒരു ദിവസത്തെ ശമ്പളം പിടിക്കലും. ഇടുക്കി ജില്ലാ സമ്മേളന നടത്തിപ്പിനായാണ് ജില്ലയിലെ പൊലീസുകാരിൽ നിന്ന് ഒരു ദിവസത്തെ ശമ്പളം പൊലീസ് അസോസിയേഷൻ പിടിച്ചത്.ഡേറ്റ് പോലും നിശ്ചയിച്ചിട്ടില്ലാത്ത സമ്മേളനത്തിന്റെ പേരിൽ ഒരു ദിവസത്തെ ശമ്പളം പിടിച്ചതിൽ പൊലീസുകാർക്കിടയിൽ കടുത്തഅമർഷമുണ്ട്. ശമ്പളത്തിൽ രണ്ടു പിടിത്തമായതോടെ ഇക്കുറി ശമ്പളത്തിൽ ഏഴ് ദിവസത്തെ തുക കുറഞ്ഞു. പ്രതിഷേധമുണ്ടെങ്കിലും പ്രതികാര നടപടി പേടിച്ച് പലരും പരസ്യമായി രംഗത്തെത്തുന്നില്ല.

കൊവിഡ് പശ്ചാത്തലത്തിൽ യാത്രാ ബത്ത ഉൾപ്പടെയുള്ള പല അലവൻസുകളും റദ്ദാക്കിയിരുന്നു. ഭവന വായ്പകൾ അടക്കമുള്ളവയ്ക്ക് മൊറട്ടോറിയം ഉണ്ടെന്ന് അറിയിപ്പ് വന്നെങ്കിലും ഇത്തവണയും പിടുത്തമുണ്ടായി. അങ്ങനെ കടുത്ത സാമ്പത്തിക ഞെരുക്കത്തിലിരിക്കെയാണ് സമ്മേളനത്തിന്റെ പേരിൽ ഒരു ദിവസത്തെ ശമ്പളം പിടിച്ചത്. എക്സ്റ്റേണൽ റിക്കവറി എന്ന പേരിലാണ് ഏപ്രിൽ മാസത്തെ ശമ്പളത്തിൽ നിന്ന് ആയിരം രൂപയിലധികമുള്ള പിടുത്തം. വിഷയം ജില്ലാ പൊലീസ് മേധാവിയുടെ ശ്രദ്ധയിൽ എത്തിക്കാനാണ് പൊലീസുകാരുടെ ശ്രമം.