kerala

തിരുവനന്തപുരം: കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരിൽ പാസുള്ളവരെ മാത്രം സംസ്ഥാനത്തേക്ക് കടത്തിവിട്ടാൽ മതിയെന്ന സർക്കാരിന്റെയും ഹൈക്കോടതിയുടെയും നിർദേശം നിലവിൽ വന്നശേഷവും വാളയാ‌ർ ചെക്ക് പോസ്റ്റിൽ ഇന്നും പാസില്ലാതെ പത്തുപേരെത്തി. ചെന്നൈയിൽ നിന്ന് പാസുള്ളവർക്കൊപ്പമെത്തിയ ഇവരെ സംസ്ഥാനത്തേക്ക് കടത്തിവിടാൻ സാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയത് വാക്കുത‌ർക്കത്തിന് കാരണമായി.

കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവരുടെ പാസ് വിതരണത്തിൽ അധികൃതർക്കുണ്ടാകുന്ന അപാകതയാണ് പാസില്ലാതെ ആളുകൾ ചെക്ക് പോസ്റ്റിലെത്താൻ കാരണമാകുന്നതെന്ന് ചെന്നൈയിൽ നിന്നെത്തിയവർ ആരോപിച്ചു. ഒരുകുടുംബത്തിലെ അഞ്ചുപേർ പാസിന് അപേക്ഷ നൽകിയാൽ അവരിൽ മൂന്നുപേർക്ക് പാസ് നൽകുകയും രണ്ട് പേർക്ക് നൽകാതിരിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമുള്ളതായി ഇവർ പറയുന്നു.

പാസ് ലഭിച്ചവർക്ക് നിശ്ചിത സമയത്തിനകം തമിഴ്നാട് അതിർത്തി കടക്കേണ്ടതിനാൽ അവ‌ർക്കൊപ്പം രജിസ്റ്റർ ചെയ്തതിന്റെ രേഖകളും തെളിവുകളുമായി പാസ് ലഭിക്കാത്തവരും ചെക്ക് പോസ്റ്റിലെത്തുന്ന സാഹചര്യമാണുളളത്. കുടുംബത്തിലെ മുഴുവൻ പേർക്കും പാസ് ലഭിക്കാത്തതിനാൽ ഇവർക്കൊരുമിച്ച് അതിർത്തി കടക്കാനും കഴിയില്ല. ഇതാണ് വാളയാർപോലെ ഏറ്റവുമധികം യാത്രക്കാർ കടന്നുവരുന്ന ചെക്ക് പോസ്റ്റുകളിലെ ഇപ്പോഴത്തെ സ്ഥിതി. പാസില്ലാത്ത പലരെയും ഇന്നലെ വരെ മനുഷ്യത്വത്തിന്റെ പേരിൽ ഉദ്യോഗസ്ഥർ അതിർത്തികടക്കാൻ അനുവദിച്ചിരുന്നെങ്കിലും പാസില്ലാത്തവരെ കടത്തിവിടേണ്ടതില്ലെന്ന് സ‌ർക്കാരും ഹൈക്കോടതിയും ഇന്നലെ പ്രഖ്യാപിച്ചതോടെ ഇന്നുമുതൽ പാസില്ലാത്ത ആരെയും അതി‌ർത്തി കടക്കാൻ അനുവദിക്കാനിടയില്ല.

യാത്രക്കാരുടെ സഹായത്തിനായി ഇവിടെ പ്രവർത്തിച്ചിരുന്ന ഒരു ഹെൽപ്പ് ഡെസ്ക്ക് അടച്ചുപൂട്ടിയതും യാത്രക്കാരെ ദുരിതത്തിലാക്കി. പാസില്ലാതെ എത്തുന്നവർക്ക് ഹെൽപ്പ് ഡസ്കിൽ നിന്ന് മുമ്പ് ആവശ്യമായ സഹായങ്ങൾ ലഭ്യമായിരുന്നു. പാസില്ലാതെ എത്തുന്നവരെ അതിർത്തികളിൽ തന്നെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കാനും പാസ് സാധുവാകുന്ന മുറയ്ക്ക് ഇവരെ കേരളത്തിലേക്ക് കടത്തിവിടാനുമാണ് നിലവിൽ ഉദ്യോഗസ്ഥ‌ർക്ക് ലഭിച്ചിരിക്കുന്ന നി‌ർദേശം. കേരളം പാസ് നൽകുന്നതിന് അനുസരിച്ച് പാസ് നൽകിയാൽ മതിയെന്ന് ഇതര സംസ്ഥാനങ്ങൾക്കും ഇവിടെ നിന്ന് നിർദേശം നൽകിയിട്ടുണ്ട്.

ഇതോടെ നാളെ മുതൽ പാസില്ലാതെ എത്തുന്നവരുടെ എണ്ണം കുറയുമെന്നാണ് കരുതുന്നത്. അതേസമയം വാളയാറിൽ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെ പരിശോധിക്കാൻ എട്ട് കൗണ്ടറുകൾ രാവിലെ തന്നെ പ്രവർത്തനം തുടങ്ങി. ആളുകളുടെ തിരക്ക് വർദ്ധിച്ചാൽ കൂടുതൽ കൗണ്ടറുകൾ പ്രവർത്തനസജ്ജമാക്കാനും നടപടിയായിട്ടുണ്ട്. വയനാട് അതി‌ർത്തിയിലെ മുത്തങ്ങ ചെക്ക് പോസ്റ്റിൽ കർണാടകയിൽ നിന്നെത്തുന്നവരുടെ തിരക്ക് കൂടി.

ആയിരം പേരെ ഒരുദിവസം കടത്തിവിടാൻ കഴിയും വിധത്തിൽ ആവശ്യമായ ഉദ്യോഗസ്ഥരെ ഇവിടെ നിയമിച്ചിട്ടുള്ളതായി ജില്ലാ ഭരണകൂടം വെളിപ്പെടുത്തി. പാസുള്ള യാത്രക്കാരാണ് ഇതുവഴി അധികവും കടന്നുവരുന്നത്. ദക്ഷിണ കേരളത്തിലെ ഇടുക്കി കുമളി ,കൊല്ലം ആര്യങ്കാവ്, തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റുകളിലും തമിഴ്നാട്ടിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്.