ദുബായ്: ഇന്നലെ തിരുവനന്തപുരത്തേക്കുളള എയര്‍ ഇന്ത്യ വിമാനത്തിന് ഖത്തര്‍ അനുമതി നല്‍കാതിരുന്നത് കേന്ദ്രസർക്കാർ തെറ്റിദ്ധരിപ്പിച്ചതിനാലെന്ന് സൂചന. ഒഴിപ്പിക്കല്‍ സ്വഭാവത്തിലുള്ള വിമാന സര്‍വീസാണ് എയര്‍ ഇന്ത്യയുടേതെന്നും അതിനാല്‍ സൗജന്യമായാണ് ആളുകളെ നാട്ടിലെത്തിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ ഖത്തറിനെ അറിയിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ഇതനുസരിച്ച് വിമാനത്താവളവുമായി ബന്ധപ്പെട്ട പലതരം ഫീസുകളില്‍ എയര്‍ ഇന്ത്യ ഇളവുകള്‍ നേടുകയും ചെയ്തു.
എയര്‍പോര്‍ട്ട് പാര്‍ക്കിംഗ് ഫീസ് ഉള്‍പ്പെടെയുള്ളവയില്‍ ആണ് എയര്‍ ഇന്ത്യയ്ക്ക് ഇളവുകള്‍ ലഭിച്ചത്. ഇതനുസരിച്ച് വന്ദേഭാരത് പദ്ധതിയില്‍ ഉള്‍പ്പെട്ട ആദ്യ വിമാനം കഴിഞ്ഞ ദിവസം ദോഹയില്‍ നിന്ന് സര്‍വീസ് നടത്തുകയും ചെയ്തിരുന്നു. അതിനുശേഷമാണ് ഇതൊരു സൗജന്യയാത്രയല്ലെന്നും മടങ്ങിപ്പോകുന്ന യാത്രക്കാരില്‍നിന്ന് ഏകദേശം 700 റിയാലോളം ഈടാക്കുന്നുണ്ടെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർക്ക് മനസിലായത്. ഇതോടെ ഇത്തരത്തില്‍ ആളുകളില്‍ നിന്ന് പണം ഈടാക്കി നടത്തുന്ന യാത്രയ്ക്ക് ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന് വിമാനത്താവളം നിലപാടെടുക്കുകയായിരുന്നു.
തൊട്ടുപിന്നാലെയാണ് എയര്‍ ഇന്ത്യക്ക് ഖത്തര്‍ അനുമതി നിഷേധിച്ചത്. ഇനി ഇത്തരത്തില്‍ ഇളവുകള്‍ നല്‍കാന്‍ കഴിയില്ലെന്ന് ഖത്തര്‍ ഇന്ത്യയെ അറിയിച്ചെന്നാണ് വിവരം. ചൊവ്വാഴ്ച മുതല്‍ ഖത്തറില്‍ നിന്ന് വിമാന സര്‍വീസുകള്‍ ഉണ്ടായിരിക്കും എന്നാല്‍ ഇളവുകള്‍ അനുവദിക്കില്ല. ഗള്‍ഫിലെ നിരവധി രാജ്യങ്ങള്‍ ഇന്ത്യക്കാരെ സൗജന്യമായി സ്വദേശങ്ങളിലേക്കെത്തിക്കാമെന്ന് പറഞ്ഞിരുന്നു. അപ്പോഴും എയര്‍ ഇന്ത്യ 15000 രൂപ ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് പ്രവാസികളെ നാട്ടിലെത്തിക്കുന്നത്. ഗള്‍ഫിലെ വിമാന കമ്പനികള്‍ സര്‍വീസ് നടത്താമെന്ന് പറയുമ്പോഴും ഇന്ത്യ ഇതുവരെ അനുമതിനല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.