sheela

തിരുവനന്തപുരം: അമ്മയാവുക എന്ന ഷീലയുടെ സ്വപ്നം പൂവണിഞ്ഞത് മാതൃദിനത്തിൽ. അതും അമ്പത്തിയെട്ടാം വയസിൽ. ആനന്ദത്തിന് ഇതിൽപ്പരം ഇനി എന്ത് വേണം. ഫിഷറീസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് ജോയിന്റ് ഡയറക്ടറായി വിരമിച്ച ഷീലയും പ്രൊഫസറായി വിരമിച്ച ബാലുവും അങ്ങനെ മാതാപിതാക്കളായി.

നീണ്ട ദാമ്പത്യജീവിതത്തിൽ കുഞ്ഞുണ്ടാകാൻ വേണ്ടിയുള്ള കാത്തിരിപ്പ് സഫലമായതിൻെറ ത്രില്ലിലാണ് ഇരുവരും. പല ചികിത്സകളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. അങ്ങനെ കുഞ്ഞെന്ന മോഹം തകർന്ന് വീണു. ഇരുവരും ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചതോടെ കുട്ടികളില്ലാത്ത ദാമ്പത്യ ജീവിതത്തിന്റെ തീരാവേദനയുമായി കഴിയവേയാണ് ഭാഗ്യം തേടി വന്നത്. ആശിച്ചതിനൊപ്പം മനസ് കൂടെ നിന്നാൽ അത് സഫലമാകുമെന്നതിന്റെ തെളിവുകൂടിയായി ആ ഭാഗ്യം മാറുകയായിരുന്നു. റിട്ടയറായതിനുശേഷവും അവരുടെ മനസ് തളർന്നില്ല.

കഴിഞ്ഞവർഷം ബന്ധുകൂടിയായ ഡോ. സബൈൻ ശിവദാസിന്റെ അടുക്കൽ ചികിത്സയ്ക്കായി എത്തി. പ്രതീക്ഷ ഇറങ്ങിപ്പോകാത്ത മനസുമായി. അതിന് മോഹസാഫല്യമായി. മൂവാറ്റുപുഴ സബൈൻ ആശുപത്രിയിൽ സിസേറിയനിലൂടെ ഷീല പെൺകുഞ്ഞിന് ജന്മം നൽകി. മാതൃദിനമായ ഇന്നലെ. ആശുപത്രിക്കാർ ശരിക്കും മാതൃദിനം ആസ്വദിച്ച ദിനം. അവർ മധുരം പങ്ക് വച്ചാണ് അതിനെ എതിരേറ്റത്. ലോക്ഡൗണായതിനാൽ പ്രസവശേഷവും ആശുപത്രിയിൽ തന്നെ കഴിയുകയാണ് ഇവർ.