
പാറശാല: പരിസ്ഥിതി പ്രവർത്തകനും പാമ്പ് സംരക്ഷകനുമായ പാമ്പ് പിടിത്തക്കാരന്റെ വീട്ടിൽ പാമ്പിന്റെ മുട്ടകൾ വിരിഞ്ഞു. കുന്നത്തുകാൽ ഉണ്ടൻകോട് സ്വദേശി ലാലുവിന്റെ വീട്ടിലാണ് പാമ്പിൻ മുട്ടകൾ വിരിഞ്ഞത്. രണ്ട് ദിവസം മുമ്പ് ലാലു വെള്ളറടക്ക് സമീപത്തെ വീട്ടിൽ നിന്ന് 52 മുട്ടകളോട് കൂടി ഏകദേശം 10 വയസ് പ്രായമുള്ള മൂർഖനെ പിടികൂടിയിരുന്നു.ലോക്ക് ഡൗൺ അവധിയായതിനാൽ ഡാമിലെ വനപാലകരെ ഏൽപ്പിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ പാമ്പിനെയും മുട്ടകളെയും വീട്ടിൽ സൂക്ഷിക്കുകയായിരുന്നു.
ഇന്നലെ രാവിലെ നോക്കിയപ്പോഴാണ് മുട്ടകൾ വിരിഞ്ഞ് പാമ്പിൻ കുഞ്ഞുങ്ങൾ പുറത്തായത് കണ്ടത്. പാമ്പ് സംരക്ഷകനായ ലാലു രാജവെമ്പാലകൾ ഉൾപ്പെടെ നിരവധി ഉഗ്രവിഷമുള്ള പാമ്പുകളെ പിടികൂടി വനം വകുപ്പിന് കൈമാറിയിട്ടുണ്ട്. ഈ പാമ്പുകളേയും രണ്ടു ദിവസത്തിനകം വനപാലകരെ ഏൽപ്പിക്കുമെന്ന് ലാലു പറഞ്ഞു.