അബുദാബി: യു.എ.ഇയിൽ 781 പേർക്കുകൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചതായി യു.എ.ഇ ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ മൊത്തം രോഗബാധിതർ 18,198 ആയി. ഞായറാഴ്ച 509 പേർക്ക് രോഗം ഭേദമായി. 13 പേർ മരണപ്പെട്ടതായും മന്ത്രാലയം അറിയിച്ചു. ഇതുവരെ 4,804 പേർക്ക് രോഗം ഭേദമായി. 198 പേർ മരിച്ചു.
കൊവിഡ് പശ്ചാത്തലത്തിൽ യു.എ.ഇയിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്ന 330 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. റെസ്റ്റോറന്റുകൾ, പലചരക്ക് സാധനങ്ങൾ, ഭക്ഷണ ശാലകൾ എന്നിവയ്‌ക്കെതിരെ നോട്ടീസ് നൽകി. ഏതെങ്കിലും ഭക്ഷ്യ കേന്ദ്രത്തിൽ ലംഘനങ്ങൾ കണ്ടെത്തിയാൽ 800555 എന്ന നമ്പരിൽ അറിയിക്കണമെന്ന് അബുദാബി സർക്കാർ അതോറിട്ടി അറിയിച്ചു.
അതേസമയം, കൊവിഡ് ബാധിച്ച് സൗദിയിൽ ഒരു മലയാളി കൂടി മരിച്ചു.ദമാം അൽ മന ആശുപത്രിയിൽ ചികിത്സയിലായിരുന്ന നിലമ്പൂർ മരുത സ്വദേശി നെല്ലിക്കോടൻ സുദേവൻ ദാമോദരനാണ് മരിച്ചത്. ഇതോടെ ഗൾഫിൽ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 60 ആയി.