liquor-sale-

തിരുവനന്തപുരം: മദ്യ വിൽപനയ്ക്ക് ഓൺലൈൻ ടോക്കൺ സമ്പ്രദായം നടപ്പാക്കാനൊരുങ്ങി ബെവ്കോ. വെർച്ചൽ ക്യൂ മാതൃകയിൽ തിരക്ക് നിയന്ത്രിച്ച് ഓൺലൈനായി നേരത്തേ പണമടച്ച് നിശ്ചിത സമയത്ത് നിശ്ചിത കൗണ്ടറുകൾ വഴി മദ്യം വിൽക്കുന്ന രീതിയാണ് പരിഗണിക്കുന്നത്. മദ്യവില്പനശാലകൾക്കുമുന്നിലെ നീണ്ട ക്യൂ ഒഴിവാക്കാൻ ഇൗ രീതി ബെവ്കോ നേരത്തേ സർക്കാരിന് മുന്നിൽ സമർപ്പിച്ചിരുന്നു.എന്നാൽ സർക്കാർ അനുമതി ഉണ്ടായില്ല.നിലവിൽ ഛത്തീസ് ഗഡ് ഈ രീതി വിജകരമായി നടപ്പാക്കുന്നുണ്ട്.

ഓൺലൈൻ വില്പനയ്ക്കായി മികച്ച സോഫ്റ്റ് വെയർ നിർമ്മിക്കുന്ന കമ്പനിയെ കണ്ടെത്താൻ സ്റ്റാർട്ട് അപ്പ്മിഷന് ബെവ്കോ നിർദ്ദേശം നൽകി. ഇതുസംബന്ധിച്ച് ബെവ്കോ എം.ഡി സ്റ്റാർട്ട് അപ്പ്മിഷന് കത്ത് നൽകി.സർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ ഓൺലൈൻ വില്പന ആരംഭിക്കാനാണ് കോർപ്പറേഷന്റെ നീക്കം.

മൂന്നാംഘട്ട ലോക്കടൗണിൽ കേന്ദ്രസർക്കാർ അനുവദിച്ചെങ്കിലും മദ്യവില്പനശാലകൾ തുറക്കേണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. അതേസമയം, കള്ള് ഷാപ്പിലെ പാഴ്സൽ സംവിധാനത്തിൽ ചട്ടഭേദഗതി വേണ്ടെന്നാണ് നിയമോപദേശം. ഒരാൾക്ക് ഒന്നര ലിറ്റർ വരെ കളള് കൈവശം വയ്ക്കാൻ അബ്കാരി ചട്ടത്തിൽ അനുമതിയുണ്ട്. കള്ള് ഷാപ്പുകളിൽ നിന്ന് മാത്രമേ വിൽപ്പന പാടുള്ളൂയെന്നതിനാൽ പ്രത്യേക ഭേദഗതി വേണ്ടന്നാണ് സർക്കാരിന് ലഭിച്ച നിയമോദേശം.