ന്യൂഡൽഹി: രാജ്യത്ത് ഒരിടത്തും ആരോഗ്യപ്രവർത്തകരെ തടയരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ചില സംസ്ഥാനങ്ങൾ ആരോഗ്യ പ്രവർത്തകരെ തടയുന്നതിൽ കേന്ദ്രം അതൃപ്തി രേഖപ്പെടുത്തി. നഴ്സുമാർ, പാരാ മെഡിക്കൽ ജീവനക്കാർ എന്നിവരെ തടയരുതെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് നിർദേശിച്ചു.
ശുചീകരണ തൊഴിലാളികളെയും ആംബുലൻസുകളെയും തടയരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു. നഴ്സിംഗ് ഹോമുകൾ, സ്വകാര്യ ലാബുകൾ ക്ലിനിക്കുകൾ എന്നിവ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ആരോഗ്യപ്രവർത്തകർക്ക് സംസ്ഥാനത്തിന് പുറത്ത് യാത്ര ചെയ്യാൻ അനുമതി നൽകാമെന്നും കേന്ദ്രം അയച്ച കത്തിൽ പറയുന്നു.