ന്യൂഡൽഹി: രാജ്യത്തെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ട്രെയിനുകളുടെ വേഗത കുറയ്ക്കുന്നു. ചരക്കുതീവണ്ടികളും സ്‌പെഷ്യല്‍ ട്രെയിനുകളും ഉള്‍പ്പെടെയുള്ളവയുടെ വേഗപരിധി മണിക്കൂറില്‍ 40 കിലോ മീറ്ററായാണ് കുറയ്ക്കുന്നത്. വിവിധ സ്ഥലങ്ങളില്‍നിന്ന് കുടിയേറ്റ തൊഴിലാളികള്‍ റെയില്‍വെ ട്രാക്കുകള്‍ വഴി പാലയനം ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.
സ്വദേശമായ മദ്ധ്യപ്രദേശിലേക്ക് മഹാരാഷ്ട്രയില്‍ നിന്ന് റെയില്‍വേ ട്രാക്കിലൂടെ നടന്ന് പോയ 16 കുടിയേറ്റ തൊഴിലാളികള്‍ കഴിഞ്ഞ ദിവസം ചരക്ക് ട്രെയിന്‍ കയറി മരിച്ചിരുന്നു. ട്രാക്കുകളില്‍ വിശ്രമിക്കുമ്പോഴായിരുന്നു സംഭവം. റെയില്‍വേ ട്രാക്കുകള്‍ വഴിയുള്ള കുടിയേറ്റ തൊഴിലാളികളുടെ നീക്കത്തെക്കുറിച്ച് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ ആര്‍.പി.എഫ്, ഗേറ്റ്മാന്‍, ട്രാക്ക്മാന്‍ എന്നിവരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കര്‍ശനമായ ജാഗ്രതയോടെ നീണ്ട വിസിലുകള്‍ മുഴക്കി ട്രെയിനുകള്‍ ഓടിക്കാന്‍ ലോക്കോ പൈലറ്റുമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുള്ളതായും റെയിൽവെ വൃത്തങ്ങൾ അറിയിച്ചു.