ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് നടന്നു പോകുന്നത് തടയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. റെയിൽപ്പാളത്തിലൂടെയും റോഡിലൂടെയും ആരെയും നടന്നു പോകാൻ അനുവദിക്കരുത്. ഇങ്ങനെ ഇതരസംസ്ഥാന തൊഴിലാളികളെ കണ്ടാൽ അവരെ ഉടൻ തന്നെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണം. ഇവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്നും ആവശ്യത്തിന് ഭക്ഷണവും വെള്ളവും നൽകണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. കേന്ദ്ര കാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്.
ഇതരസംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക തീവണ്ടി സൗകര്യവും ബസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആരെയും സ്വന്തം നാട്ടിലേക്ക് നടന്നു പോകാൻ അനുവദിക്കരുതെന്നാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്ന കർശന നിർദേശം.