നെയ്യാറ്റിൻകര: ലോക്ക് ഡൗൺ തുടങ്ങുകയും മിക്ക ആൾക്കാരുടേയും വരുമാനം കുറയുകയും ചെയ്തതോടെ സ്വന്തം അന്നം സ്വന്തമായി തന്നെ കൃഷി ചെയ്തെടുക്കുവാനുള്ള നെട്ടോട്ടത്തിലാണ് ജനം. നെയ്യാറ്റിൻകര താലൂക്കിലെ മിക്ക സഹകരണ സംഘങ്ങളിലും പൊതുകൂട്ടായ്മകളുടെ നേതൃത്വത്തിലും പച്ചക്കറി കൃഷിയും മരിച്ചീനി കൃഷിയുമൊക്കെ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഇതിൽ ഏറ്റവും ശ്രദ്ധേയം ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് ഓട്ടോറിക്ഷ നിർമ്മിച്ച് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത് പ്രശസ്തി നേടിയ പൊതുമേഖലാ സ്ഥാപനമായ ആറാലുമ്മൂട് കേരള ഓട്ടോമൊബൈൽസ് ജീവനക്കാർ ജൈവ പച്ചക്കറി കൃഷിയിലേക്ക് തിരിയുന്നതാണ്. നെയ്യാറ്റിൻകര കൃഷി ഭവനായിരിക്കും പദ്ധതിയുടെ മേൽനോട്ട ചുമതലയെന്ന് കെ.എ.എൽ ചെയർമാൻ കരമന ഹരി പറഞ്ഞു.
നെയ്യാറ്റിൻകര മണ്ഡലത്തിൽ ഇത്തരത്തിൽ തരിശ് കിടക്കുന്ന ഭൂമി മുഴുവൻ കണ്ടെത്തി കർഷകരുടെ സഹായത്തോടെ കൃഷി ചെയ്യുവാനുള്ള പദ്ധതിയെ കുറിച്ചും ആലോചനയുണ്ട്. സർക്കാർ വക പുറമ്പോക്ക് ഭൂമിക്ക് പുറമേ സ്വാകര്യ വ്യക്തികളുടേയും ധാരാളം ഭൂമി ഇത്തരത്തിൽ തരിശായി കിടപ്പുണ്ട്. കൃഷി ലാഭകരമല്ലാത്തതിനാലും ഉയർന്ന കൂലി കൂടുതലും കാരണം കൃഷി ഉപേക്ഷിച്ച ചെറുകിട കർഷകരുടെ ഭൂമിയാണ് ഇപ്പോൾ തരിശായി കിടക്കുന്നത്. ഈ ഭൂമികളിൽ കർഷക കൂട്ടായ്മയുടെ സഹകരണത്തോടെയും കൃഷി ഭവൻ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലും നെയ്യാറ്റിൻകര മണ്ഡലത്തിന് ആവശ്യമായ മുഴവൻ പച്ചക്കറിയും നെല്ലും ഉത്പാദിപ്പിക്കുവാൻ കഴിയുമെന്ന് കർഷകർ പറയുന്നു.
ഇറിഗേഷൻ കനിയണം
നെയ്യാറ്റിൻകര താലൂക്കിലെ കൃഷി പോഷണത്തിനായി 1956 ൽ കമ്മീഷൻ ചെയ്ത നെയ്യാർ ഡാമിൽ നിന്നും കനാലുകൾ വഴി മതിയായ അളവിൽ ജലം തുറന്നു വിട്ടാൽ മാത്രമേ കൃഷി ചെയ്യുവാൻ കഴിയുകയുള്ളു. ഇതിലേക്കായി അടിയന്തരമായി നെയ്യാർ കനാലുകൾ അറ്റകുറ്റപ്പണി ചെയ്ത് ജലം തുറന്നു വിടുവാൻ യോഗ്യമാക്കണം.
ഉയർന്ന ഉത്പാദനക്ഷമതയുള്ള വിത്തിനങ്ങൾ തിരഞ്ഞെടുത്ത് കർഷകർക്ക് നൽകിയാൽ മാത്രമേ ഗുണമേന്മയോടൊപ്പം വിളവും അധികമായി ലഭിക്കുകയുള്ളു. ചെറുകിട തോട്ടങ്ങളുള്ള വീട്ടുകാർക്ക് വീട്ടുവിളകളിലെ പച്ചക്കറി കൃഷി ഒരു വരുമാന മാർഗവുമാണ്.
സ്കൂളുകളിൽ ഇപ്പോൾ തന്നെ വിദ്യാർത്ഥികൾ ചേർന്ന് രൂപീകരിച്ചിട്ടുള്ള ഫാർമേഴ്സ് ക്ലബുകളുടെ പ്രവർത്തനം വിപുലപ്പെടുത്തിയാൽ കൂടുതൽ പച്ചക്കറി സ്കൂൾ വളപ്പിൽ വിളയിക്കാൻ കഴിയും. പഠനത്തോടൊപ്പം കൃഷിയും വിദ്യാർത്ഥികൾക്ക് വരുമാന മാർഗമാകുമെന്ന് കൃഷിയിൽ തത്പരരായ വിദ്യാർത്ഥികൾ പറയുന്നു.