പാലോട്: കൊവിഡ് വ്യാപനവും ലോക്ക് ഡൗണും തളർത്താത്ത കഷകർ ചിങ്ങമാസത്തെ ഓണാഘോഷം മുൻനിറുത്തി പച്ചക്കറി കൃഷിക്ക് നിലമൊരുക്കുകയാണ്. ഇപ്പോൾ ലഭിക്കുന്ന വേനൽമഴ അനുഗ്രഹമായാണ് കർഷകർ കണക്കാക്കുന്നതും. കാലവർഷത്തെ പൂർണമായും ഉപയോഗപ്പെടുത്തിയുള്ള പച്ചക്കറികൃഷിക്ക് ഒരുങ്ങുകയാണ് കർഷകർ.
ഒപ്പം കൃഷി സമൃദ്ധിയുടെ നാളുകൾ കൂടിയാണ് ഇനിവരുന്നത്. നെൽകൃഷി, മഞ്ഞൾ, ഇഞ്ചി, കൂവ, പയർ, മാങ്ങയിഞ്ചി, വഴുതന, പടവലം, പാവൽ, വെള്ളരി, പച്ചമുളക്, വെണ്ട, കത്തിരി, കാച്ചിൽ തുടങ്ങിയ പച്ചക്കറികളും കിഴങ്ങുവർഗങ്ങളും നടാനും പരിപാലിക്കാനും ഉള്ള ശുഭദിനങ്ങളാണ് കാർത്തിക കൃഷിയുടെ നാളുകളെന്ന് പഴമക്കാർ പറയുന്നു. ഇഞ്ചിയും മഞ്ഞളും കൃഷിചെയ്യാനുള്ള ഏറ്റവും അനുയോജ്യമായ നാളുകൾ. ശക്തമായ വെയിലും ഇടയ്ക്ക് ലഭിക്കുന്ന മഴയും ഇതാണ് കൃഷിക്ക് ഏറെ അനുയോജ്യമായ സമയം. എന്നാൽ വെള്ളരി, മത്തൻ, കുമ്പളം എന്നിവ മഴക്കാലത്ത് കായ്ക്കാറുണ്ടെങ്കിലും മിക്കപൂക്കളും പരാഗണം നടക്കാതെ കൊഴിഞ്ഞുപോകും. അതുകൊണ്ട്തന്നെ ഇത്തരം കൃഷികൾ മഴക്കാലത്തിന്റെ അവസാനഘട്ടത്തിലാണ് നടുന്നത്. രോഗ-കീടബാധ മഴക്കാലത്ത് കൂടുതൽ ആകാൻ സാധ്യത ഉള്ളതിനാൽ ആഴ്ച്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം ജൈവ കീടനാശിനി പ്രയോഗിക്കാം. വേപ്പ് അധിഷ്ടിത കീടനാശിനികൾ കീടങ്ങളെ അകറ്റും. കൃഷിഭൂമി ശുചിയാക്കി കളകൾ വളരാതെ സൂക്ഷിക്കണം.
വരുന്ന നാളുകളിൽ പച്ചക്കറി കൃഷിക്കായി നിലമൊരുക്കിയും വീട്ടുമുറ്റത്തും ഗ്രോബാഗുകളിലും പച്ചക്കറിത്തോട്ടം നിർമ്മിച്ചും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ വിഷരഹിത പച്ചക്കറികൾ കൃഷിചെയ്യാം.
മഴമറകളിൽ പച്ചക്കറി കൃഷി ചെയ്യുന്നവർ ചീര, തക്കാളി എന്നീ വിളകൾക്ക് പ്രാധാന്യം നൽകിയാൽ നല്ലത്. മഴക്കാലത്ത് അവ ദുർലഭമായതിനാൽ നല്ല വിള ലഭിക്കും.
മേയ് മാസം പകുതിയോടെ പച്ചക്കറികൃഷിക്ക് നിലമൊരുക്കാം. നല്ലതുപോലെ കിളിച്ച് മെരുക്കിയ മണ്ണിൽ ഒരു സെന്റിൽ 2 കിലോ ഗ്രാം എന്ന കണക്കിന് കുമ്മായം ചേർത്തിളക്കണം. രണ്ടാഴ്ചയ്ക്ക് ശേഷം കാലിവളം, കംപോസ്റ്റ് തുടങ്ങിയവ സെന്റിന് 100 കിലോ ഗ്രാം എന്ന കണക്കിൽ അടിവളമായി ചേർക്കാം. നന്നായി അടിവളം കൊടുക്കുക എന്നതാണ് പച്ചക്കറി കൃഷിയിലെ ഏറ്റവും പ്രധാനപ്പെട്ട വിജയതന്ത്രം.
വെള്ളം വാർന്ന് പോകുന്നതരത്തിൽ ചെടിയും വിത്തും നടാം. ഇവിടെ വെള്ളം കെട്ടിനിൽക്കാൻ പാടില്ല. നിലമൊരുക്കുന്നതിനൊപ്പം വിത്തുകൾ പാകിയാൽ ജൂൺ ആദ്യവാരത്തിൽ നടീൽ ആരംഭിക്കത്തക്ക രീതിയിൽ തൈകൾ പ്രായമാകും. മഴക്കാലത്ത് വിത്തുകൾ നേരിട്ട് നടുന്നതിനെക്കാൾ നല്ലത് തൈകളാക്കി നടുന്നതാണ്. പന്തൽ നൽകേണ്ട വിളകൾക്ക് ശക്തമായ പന്തൽ സംവിധാനം ഒരുക്കുകയും വേണം.
ഇഞ്ചിയും മഞ്ഞളും കൃഷിചെയ്യാൻ ഏറ്റവും നല്ല സമയമാണ് ഇപ്പോൾ. തറനിരപ്പിൽ നിന്നും 20 സെന്റീ മീറ്ററോളം ഉയരത്തിൽ മണൽക്കൂനയൊരുക്കി കുമ്മായം വിതറിയ സ്ഥലത്ത് 10 സെന്റീമീറ്റർ അകലത്തിൽ മഞ്ഞൾ നടം. അധികം വെയിൽ തട്ടാത്തിടത്ത് ചെറിയ കഷ്ണങ്ങളാക്കി ഇഞ്ചിയും നടാം. അല്പം ചോലയുള്ള പ്രദേശത്തും ഇവ നടാവുന്നതാണ്.
കാത്സ്യസമ്പന്നമായ കിഴങ്ങുവിളയാണ് കൂവ. പല നിറങ്ങളിൽ കൂവ ഉണ്ടെങ്കിലും വെള്ള കൂവയാണ് കൃഷിചെയ്യാൻ പ്രധാനമായും തിരഞ്ഞെടുക്കുന്നത്. ഇവ ഇടിച്ചുപിഴിഞ്ഞ് ഉണക്കിയെടുക്കുന്ന പൊടി കുട്ടികൾക്ക് നല്ല പോഷകപ്രദമായ ഭക്ഷണമാണ്. നാര് കൂടുതലുള്ള കിഴങ്ങുവർഗമാണ് ഇത്.
വെണ്ട, കത്തിരി എന്നിവയും ഇപ്പോൾ നടാവുന്നതാണ്. മഴ കൂടുന്നതു വരെ നനച്ചു കൊടുക്കണം. ഈ സമയം നട്ടുവളർത്തുന്ന ചെടികൾക്ക് പ്രതിരോധശേഷി കൂടുതലായിരിക്കും. മഴക്കാലത്ത് ഇവ നന്നായി വളരുകയും ചെയ്യും. മഴ തുടങ്ങുന്ന സമയത്ത് നട്ടാൽ മുള പൊട്ടുമെങ്കിലും ശക്തമായ മഴയിൽ മുരടിച്ചു നിൽക്കും. മഴയുടെ ശക്തി കുറയുമ്പോൾ അവ വളർന്ന് വരികയും ചെയ്യും.