ramesh-chennithala

തിരുവനന്തപുരം: രണ്ട് മാസമായി കുടുങ്ങി കിടക്കുന്ന പാവങ്ങൾ എങ്ങനെയെങ്കിലും നാട്ടിൽ വരാൻ നിൽക്കുമ്പോൾ സർക്കാർ അവരെ നിയമം നൂലാമാലകളും പറഞ്ഞ് ബുദ്ധിമുട്ടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരെ കൊണ്ടുവരാൻ സർക്കാർ യാതൊരു മുൻകരുതലും സ്വീകരിച്ചില്ല. നിയമത്തിലെ നൂലാമാലകൾ ജനങ്ങളോടുള്ള ദ്രോഹമാണ്. നാല് വിമാനത്താവളങ്ങളിൽ ഒരുക്കിയ സംവിധാനങ്ങൾ ആറ് ചെക്ക് പോസ്റ്റിൽ ഒരുക്കിയിരുന്നെങ്കിൽ ഈ പ്രതിസന്ധി ഒഴിവാക്കാമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളും അവരുടെ നാട്ടുകാരെ കൊണ്ടുവരാൻ ബസോടിച്ചപ്പോൾ കെ.എസ്.ആർ.ടി.സി ഒരു ബസ് പോലും ഓടിച്ചില്ല. വളരെ വൈകി ഇന്നലെ മാത്രമാണ് കേരള ഹൗസിൽ ഹെൽപ്പ് ഡെസ്‌ക് തുടങ്ങിയത്. തമി‌ഴ്നാട്ടിലും ബംഗളൂരുവിലും സംസ്ഥാന സർക്കാർ ഒരു നോഡൽ ഓഫീസർമാരെ പോലും ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ വച്ചിരുന്നില്ല. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്നവരുടെ കണക്ക് സംസ്ഥാന സർക്കാരിനില്ലെന്നും ചെന്നിത്തല ആരോപിച്ചു.

ലോക്ക് ഡൗൺ കഴിഞ്ഞാൽ സ്ഥിരമായി ട്രെയിനുകൾ റെയിൽവെ ഓടിക്കണം. മുന്നൂറിലധികം ട്രെയിനുകൾ ഓടിച്ചിട്ടും ഒരു ട്രെയിൻ പോലും ഇതുവരെ കേരളത്തിലേക്ക് ഓടിച്ചിട്ടില്ല. കേരളത്തിൽ ആകെ നടക്കുന്നത് സ്പ്രിൻക്ലർ നേതൃത്വം നൽകുന്ന പി.ആർ വർക്ക് മാത്രമാണ്. മുപ്പത്തഞ്ചോളം രാജ്യങ്ങൾ സ്‌പ്രിൻക്ലർ പി.ആർ വർക്ക് സർക്കാരിന് വേണ്ടി നടത്തുകയാണ്. ഇല്ലാത്ത നേട്ടങ്ങളുടെ പേരു പറഞ്ഞ് ഐക്യരാഷ്ട്ര സഭയുടെ പുരസ്ക്കാരം എങ്ങനെയെങ്കിലും ഒപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

സ്പ്രിൻക്ലർ കൊവിഡുമായി ബന്ധപ്പെട്ട് നൽകിയ സംഭാവനകൾ എന്തൊക്കെയാണെന്ന് സർക്കാർ വ്യക്തമാക്കണം. 4 കോടി രൂപ മുടക്കി തിരുവനന്തപുരത്ത് കിടക്കുന്ന ഹെലികോപ്ടറിനെ മഹത്വവത്ക്കാരിക്കാനുള്ള ശ്രമം ശരിയല്ല. സൗജന്യ റേഷൻ ഒരു മാസം കൂടി ജനങ്ങൾക്ക് നൽകണമെന്നും ചെന്നിത്തല സർക്കാരിനോട് അഭ്യർത്ഥിച്ചു. പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് പത്തിന പരിപാടികൾ സർക്കാരിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.