market-

തിരുവനന്തപുരം: തമിഴ്നാട്ടിൽ കൊവിഡ് വ്യാപകമാകുകയും പച്ചക്കറി മാർക്കറ്റുൾപ്പെടെയുള്ള പ്രധാന കമ്പോളങ്ങൾ അടച്ചുപൂട്ടുകയും ചെയ്തത് കേരളത്തിലേക്കുള്ള പച്ചക്കറി വരവിനെ ബാധിച്ചേക്കും. തമിഴ്നാട്ടിലെ പ്രധാന പച്ചക്കറി കമ്പോളമായ കോയമ്പേട് മാർക്കറ്റ് അടച്ചതിന് പിന്നാലെ ഒട്ടൻ ചത്രം,​ മേട്ടുപ്പാളയം,​ പൊള്ളാച്ചി,​ തിരുപ്പൂർ,​ മധുര,​ പഴനി എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ കടുത്തത് കമ്പോളങ്ങളിലേക്കുള്ള പച്ചക്കറി സാധനങ്ങളുടെ വരവും വിൽപ്പനയും കുറയാൻ ഇടയാക്കിയിട്ടുണ്ട്.

കേരളത്തിലേക്കുള്ള പച്ചക്കറികളിൽ ഭൂരിഭാഗവും തമിഴ്നാട്ടിൽ നിന്നാണ് എത്തുന്നത്. കേരളത്തിലേക്ക് പച്ചക്കറികളെത്തുന്ന തമിഴ്നാട്ടിലെ പ്രധാന കമ്പോളങ്ങളിലൊന്നാണ് കോയമ്പേട് മാർക്കറ്റ്. ഇവിടെ എത്തിയ പലർക്കും കഴിഞ്ഞയാഴ്ച രോഗം സ്ഥിരീകരിച്ചതോടെയാണ് മാർക്കറ്റ് അടച്ചുപൂട്ടി വ്യാപാരികളെയും ചുമട്ടുതൊഴിലാളികളെയും ഐസൊലേഷനിലാക്കിയത്. ഇവിടെ നിന്ന് കേരളത്തിലേക്ക് ഉൾപ്പടെ മടങ്ങിയവരെ തിരിച്ചറിയാനുള്ള ശ്രമവും ആരംഭിച്ചിരിക്കുകയാണ്.

രോഗവ്യാപനത്തിന്റെ കേന്ദ്രമായ കോയമ്പേടിൽ വന്നു പോയവരെ മൊബൈൽ കേന്ദ്രീകരിച്ച് കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. കച്ചവടക്കാർ, ചുമട്ടുതൊഴിലാളികൾ ഉൾപ്പടെ പതിനായിരത്തിലധികം പേരെയാണ് ഇത്തരത്തിൽ കണ്ടെത്തേണ്ടതുള്ളത്. ഇടുക്കി, പാലക്കാട്, മലബാർ മേഖലയിലേക്കും പൊള്ളാച്ചി, മേട്ടുപാളയം എന്നിവിടങ്ങളിലേക്കും മടങ്ങിയ ലോറി ഡ്രൈവർമാരും ഇവരിലുൾപ്പെടുന്നു.

കോയമ്പേട് സമ്പൂർണ അടച്ചിടലിന് വിധേയമായതോടെ ഇവിടേക്കുള്ള പച്ചക്കറി വരവ് പൂർണമായും നിലച്ചു. തോട്ടങ്ങളിൽ നിന്ന് പച്ചക്കറികൾ മൊത്തമായി ലേലത്തിനെടുക്കുന്ന ഇടനിലക്കാരുണ്ടെങ്കിലും രോഗ ഭീതി കാരണം ചുമട്ടുകാരോ ലോറിക്കാരോ എത്താത്തത് ഇവർക്കും തിരിച്ചടിയാണ്. ഒട്ടൻചത്രമാണ് കൊല്ലം,​ തിരുവനന്തപുരം ജില്ലകളിൽ നിന്നുൾപ്പെടെ ഏറ്റവുമധികം വ്യാപാരികൾ പച്ചക്കറിയെടുക്കാനെത്തുന്ന മറ്റൊരു കേന്ദ്രം.

തമിഴ്നാട്ടിൽ രോഗം നിയന്ത്രണാതീതമായി തുടരുന്നതിനാൽ കർശന നിയന്ത്രണങ്ങൾക്ക് വിധേയമായാണ് ഒട്ടൻചത്രമുൾപ്പെടെ മറ്റ് മാർക്കറ്റുകളുടെ പ്രവർത്തനം. കേരളത്തിന്റെ അതിർത്തിഗ്രാമങ്ങളിൽ നിന്ന് തക്കാളി, വഴുതന, പച്ചമുളക്, മുരിങ്ങയ്ക്ക,ചെറിയ ഉള്ളി,പേയൻകായ്, ചേന, പയർ,പടവലം തുടങ്ങിയപച്ചക്കറികളെല്ലാം ഇവിടങ്ങളിൽ നിന്നാണെത്തുക.

തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറികളുടെ വിളവെടുപ്പ് സീസൺ കൂടിയാണ് ഇപ്പോൾ. വിവാഹവും ഉത്സവങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകളും ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനവും ലോക്ക് ഡൗണോടെ നിലച്ചത് കേരളത്തിലെ പച്ചക്കറി ഉപഭോഗത്തിൽ കുറവ് വരുത്തിയെങ്കിലും ലോറി വരവ് കുറഞ്ഞതിനാൽ വിലയിൽ കാര്യമായ കുറവുണ്ടായില്ല. എന്നാൽ തമിഴ്നാട്ടിലെ പച്ചക്കറികമ്പോളങ്ങളുടെ പ്രവർത്തനം നിലയ്ക്കുന്നത് വരും ദിവസങ്ങളിൽ കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുറയാനും വിലവർദ്ധനവിനും ഇടയാക്കിയേക്കുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന.