പൂവാർ: 'കടൽക്കരയിൽ ഒരു ഹരിതവിപ്ലവം' സൃഷ്ടിക്കാൻ തയ്യാറെടുക്കുകയാണ് പൂവാർ ടാഗോർ സോഷ്യൽ ഡവലപ്മെന്റ് കൾച്ചറൽ സെന്റർ ആൻഡ് പബ്ളിക്ക് ലൈബ്രറിയുടെ സാരഥികൾ. ഇതിലേയ്ക്കായി അരുമാനൂരിലെ പൂവാർ പഞ്ചായത്ത് ഫാർമേഴ്സ് ക്ലബ്ബുമായി സഹകരിച്ചുകൊണ്ട് ഒരു വീടിന് ആവശ്യമായ പച്ചക്കറി തൈകൾ വളരെ തുശ്ചമായ നിരക്കിൽ പരമാവധി വീടുകളിൽ എത്തിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നു. ഒരാൾ മിനിമം അഞ്ച് തൈകൾ വാങ്ങി പദ്ധതിയിൽ അംഗമാകാവുന്നതാണ്. ഇതിന്റെ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി 'ഒന്നായ് നനയ്ക്കാം ഒന്നായ് കൊയ്യാം' എന്ന സന്ദേശം പ്രചരിപ്പിക്കാൻ നവ മാധ്യമങ്ങളായ വാട്സാപ്പ്, ഫെയ്സ് ബുക്ക് കൂട്ടായ്മകളെ വേണ്ടുവോളം ഉപയോഗപ്പെടുത്തുകയാണെന്ന് ടാഗോർ ലൈബ്രറി പ്രസിഡന്റ് ഹെയ്ഡ്സൺ പറഞ്ഞു.
തൈകൾ ലഭിക്കാൻ 25 രൂപ മുടക്കുന്നവർക്ക് ചാക്കിലും, 35-45 രൂപ മുടക്കുന്നവർക്ക് ഗ്രോബാഗുകളിലും തൈകൾ ലഭിക്കും. ആദ്യഘട്ടത്തിൽ പരമാവധി 20 തൈകൾ വരെ നൽകാൻ തയ്യാറെടുക്കുന്നുണ്ടെങ്കിലും ആവശ്യക്കാർക്ക് എത്ര വേണമെങ്കിലും വിതരണം ചെയ്യാൻ കഴിയുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ആരംഭത്തിൽ തൈകൾ നൽകുന്നതോടൊപ്പം ചെടികളുടെ പരിപാലനം, കീട സുരക്ഷ, കാർഷിക അഭിവൃത്തി എന്നിവയിൽ ആവശ്യമായി അറിവും പകർന്ന് നൽകുന്നു. കൂടാതെ നിശ്ചിത ഇടവേളകളിൽ ചെടികളുടെ വളർച്ച കണക്കാക്കി മികച്ച കർഷകനെയും തിരഞ്ഞെടുക്കുന്നു. ഇപ്പോൾ വിതരണത്തിന് തയ്യാറായിരിക്കുന്ന പച്ചക്കറികൾ ചീര ( ചുവപ്പ് ), ചീര (പച്ച ),വെണ്ട, തക്കാളി, കത്തിരി, ക്യാപ്സിക്കം, എരിമുളക്, തൊണ്ടൻ മുളക്, ഒടൻകൊല്ലിമുളക്, കാന്താരിമുളക്, പാവൽ, പടവലം, കുറ്റി വെള്ളരി, കുറ്റി ബീൻസ്, പയർ, വഴുതിനങ്ങ, കറിവേപ്പില, മല്ലിയില, കക്കിരി, ചതുരപ്പയർ തുടങ്ങിയ 20 ഇനങ്ങളാണ്.
പ്രദേശത്ത് 1000 തൈകൾ എന്ന നേട്ടം ടാഗോർ ലൈബ്രറി ഇപ്പോൾ ആഘോഷിക്കുന്നു.
കോവിഡ് 19 എന്ന മഹാമാരി ലോകത്തെ മുഴുവനായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ വരും നാളുകളിൽ ഒരു ഭക്ഷ്യക്ഷാമം വിദൂരമല്ല. വരാൻ പോകുന്ന ക്ഷാമത്തെ നേരിടാൻ ഒരേയൊരു മാർഗ്ഗം വീട്ടിൽ തന്നെ പറ്റുന്ന രീതിയിൽ കൃഷി ചെയ്യുകയാണ്.