train-

ന്യൂഡല്‍ഹി: ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിൻ സർവീസിൽ സ്റ്റോപ്പുകളുടെ എണ്ണം വെട്ടികുറച്ച് റെയിൽവെ. തിരുവനന്തപുരത്തേക്ക് മറ്റന്നാൾ സര്‍വീസ് ആരംഭിക്കുന്ന ട്രെയിനിന് കോഴിക്കോടും എറണാകുളം ജംഗ്ഷനിലും മാത്രമെ സ്‌റ്റോപ്പ് ഉണ്ടായിരിക്കുകയുള്ളുവെന്ന് റെയില്‍വെ വ്യക്തമാക്കി. ആദ്യം തിരുവനന്തപുരം ഉള്‍പ്പെടെ ഒമ്പത് സ്റ്റോപ്പുകളുണ്ടെന്നാണ് റെയിൽവെ അധികൃതർ പറഞ്ഞിരുന്നത്. കൊങ്കണ്‍ പാത വഴിയാണ് കേരളത്തിലേക്കുള്ള സര്‍വീസ് നടക്കുന്നത്. ദക്ഷിണ റെയിൽവെ പുറത്തുവിട്ട ലിസ്റ്റിൽ നേരത്തെ കൊല്ലം,ആലപ്പുഴ,കണ്ണൂർ,കാസർകോട് തുടങ്ങി ജില്ലകളെയെല്ലാം ഉൾപ്പെടുത്തിയിരുന്നു. സ്ഥിരം രാജധാനി ട്രെയിനുകളുടെ സ്റ്റോപ്പാണ് ഇതൊക്കെ. വൈകിട്ട് നാല് മണിക്ക് ബുക്കിംഗ് ആരംഭിക്കുമ്പോൾ മാത്രമെ ഏതൊക്കെ സ്റ്റേഷനിലാണ് സ്റ്റോപ്പുകൾ ഉള്ളതെന്ന് കൃത്യമായി അറിയാൻ സാധിക്കുകയുള്ളൂ.

ആഴ്ചയില്‍ മൂന്ന് രാജധാനി സര്‍വീസുകളാണ് ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്തേക്കും തിരിച്ചും ഉണ്ടാവുക. നേരത്തെ ഹസ്രത്ത് നിസാമുദീനില്‍നിന്ന് ആരംഭിച്ചിരുന്ന രാജധാനി സര്‍വീസുകള്‍ ഇത്തവണ ന്യൂഡല്‍ഹിയില്‍ നിന്നായിരിക്കും പുറപ്പെടുക. കോട്ട, വഡോദര, വാസൈറോഡ്, പന്‍വേല്‍, രത്‌നഗിരി, സാവന്ത്‌വാഡി റോഡ്, മഡ്ഗാവ്, കാര്‍വാര്‍, ഉടുപ്പി, മംഗലാപുരം, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിങ്ങനെയാണ് യാത്ര.

പ്ലാറ്റ്‌ഫോം ടിക്കറ്റുകളോ ആര്‍.എ.സി ടിക്കറ്റുകളോ ഉണ്ടായിരിക്കില്ല. മുഖാവരണം ഉള്‍പ്പടെയുള്ള നിബന്ധനകള്‍ യാത്രക്കാര്‍ പാലിക്കണം. കൊവിഡ് ലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ക്ക് മാത്രമാണ് യാത്രാനുമതി. യാത്രയ്ക്ക് മുമ്പായി ശരീരോഷ്മാവ് പരിശോധിക്കും.