കല്ലമ്പലം:നാവായിക്കുളത്ത് ഓപ്പറേഷൻ സാഗർറാണി പരിശോധനയിൽ പിടിച്ചെടുത്ത് മറവു ചെയ്‌ത മത്സ്യത്തിൽ നിന്നു ദുർഗന്ധം വമിക്കുന്നതായി പരാതി.കടമ്പാട്ടുകോണത്ത് നിന്നു പിടിച്ചെടുത്ത മത്സ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ജനവാസ മേഖലകളിലാണ് മണ്ണിട്ട് മൂടിയത്. മഴയിൽ മണ്ണൊലിച്ചും മണ്ണിട്ട ഭാഗം ഇടിഞ്ഞുതാണും ദുർഗന്ധം രൂക്ഷമാകുന്നു.മത്സ്യാവശിഷ്ടങ്ങളും പുഴുക്കളും സമീപത്തെ തോട്ടിലേക്കും നീർച്ചാലുകളിലേക്കും ഒഴുകിയെത്തുന്നതായും ആക്ഷേപമുണ്ട്.സി.പി.എം കിളിമാനൂർ ഏരിയാസെക്രട്ടറി എസ്. ജയചന്ദ്രൻ,എൻ. ഹരിഹരൻ പിള്ള,എസ്.എസ്‌. മനുശങ്കർ,ഹജീർ,ഷൈൻ,ജഹാംഗീർ പാറക്കെട്ടിൽ തുടങ്ങിയവർ ഉന്നതാധികാരികൾക്ക് പരാതി നൽകി.ബി.ജെ.പി നാവായിക്കുളം പഞ്ചായത്ത് സമിതിയും സി.പി.ഐ ലോക്കൽ കമ്മിറ്റിയും പ്രതിഷേധിച്ചു.