ബംഗളൂരു: കർണാടകയിൽ മരിക്കുന്ന മറ്റ് സംസ്ഥാനക്കാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ അനുമതി നൽകില്ലെന്ന് കർണാടക സർക്കാർ. മരണം സംഭവിച്ച സ്ഥലത്ത് തന്നെ സംസ്കാരം നടത്തണം എന്നാണ് സർക്കാർ നിർദേശം. മുഖ്യമന്ത്രി ബി.എസ് യെദ്യൂയൂരപ്പയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
മുംബയിൽ നിന്ന് മൃതദേഹത്ത അനുഗമിച്ചെത്തിയ നാല് പേർക്ക് മണ്ഡ്യയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതാണ് തീരുമാനത്തിന് പിന്നിൽ. അതേസമയം നടപടിക്രമങ്ങൾ പാലിച്ച് മൃതദേഹം കൊണ്ടുവരാൻ ഇളവ് അനുവദിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. തീരുമാനം കർണാടക സ്വദേശികൾക്കും ബാധകമാണ്. മറ്റ് സംസ്ഥാനങ്ങളിൽ മരിക്കുന്ന കർണാടക സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിക്കാനും അനുമതി നൽകില്ല