blue-dragon

കാലിഫോണിയ : ഇപ്പോൾ ടെക്സസിലെ പാഡ്രെ ഐലൻഡ് നാഷണൽ സീഷോറിൽ എത്തുന്നവർക്ക് കൗതുകമായി മാറിയിരിക്കുകയാണ് ' ബ്ലൂ ഡ്രാഗണുകൾ'. ഡ്രാഗൺ എന്ന് കേൾക്കുമ്പോൾ തീത്തുപ്പിക്കൊണ്ട് പറക്കുന്ന ഭീമൻ വ്യാളികളെയാണ് ഓർമ വരുന്നതെങ്കിൽ ഇക്കൂട്ടർ അവരെ പോലെയല്ല. രൂപത്തിൽ ഡ്രാഗണുമായി സാമ്യമുണ്ടെങ്കിലും അപൂർവമായാണ് ഇവയെ കാണാൻ കിട്ടുന്നത്. പക്ഷേ,​ ഒരു കാര്യം കടൽത്തീരത്ത് കണ്ടാൽ വെറുതെ തൊട്ടുനോക്കാൻ ചെന്നാൽ ചിലപ്പോൾ പണികിട്ടും.

ഗ്ലോക്കസ് അറ്റ്ലാൻഡിക്കസ് എന്നാണ് ബ്ലൂ ഡ്രാഗണിന്റെ ശരിക്കുമുള്ള പേര്. സീ സ്ലഗ് അഥവാ കടൽ ഒച്ചാണ് ഇവർ. മൂന്ന് സെന്റിമീറ്ററോ ഒരിഞ്ചിലേറെയോ വലിപ്പമുള്ള ബ്ലൂഡ്രാഗണുകൾ അറ്റ്ലാന്റിക്, പസഫിക്, ഇന്ത്യൻ സമുദ്രങ്ങളിലാണ് കാണപ്പെടുന്നത്. തിളങ്ങുന്ന കടും നീല നിറമാണ് ഇവയുടെ ഏറ്റവും വലിയ ആകർഷണം. ഇക്കൂട്ടരുടെ കടിയേറ്റാൽ വേദന കൊണ്ട് ഓടേണ്ടി വരും. ഒരു വലിയ ജെല്ലിഫിഷിനെ പോലുള്ള പോർച്ചുഗീസ് മാൻ ഒ വാർ എന്ന കടൽജീവിയെ ബ്ലൂഡ്രാഗണുകൾ അകത്താക്കാറുണ്ട്. മാൻ ഒ വാറിന്റെ ശരീരത്തിലുള്ള വിഷം ബ്ലൂ ഡ്രാഗൺ തന്റെ ശരീരത്തിൽ ശേഖരിച്ചു വയ്ക്കുന്നു. പോർച്ചുഗീസ് മാൻ ഒ വാറിലേതിനെക്കാൾ തീവ്രതയേറിയ വിഷമാക്കി ബ്ലൂ ഡ്രാഗൺ ഇതിനെ മാറ്റുന്നു. മനുഷ്യർ തൊടാൻ ചെന്നാൽ പിന്നെ ഒന്നും നോക്കില്ല, ഒരൊറ്റ കുത്താണ്. ! ഇപ്പോൾ പാഡ്രെ ഐലൻഡ് നാഷണൽ സീഷോറിൽ ബ്ലൂ ഡ്രാഗണുകൾ പ്രത്യക്ഷപ്പെട്ടതോടെ അധികൃതർ ബീച്ചിലെത്തുന്നവർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. അപൂർവമായ കാണാൻ കിട്ടുന്ന ബ്ലൂ ഡ്രാഗണുകളെ ദൂരെ നിന്നും കാണാമെന്നും എന്നാൽ അതിനെ തൊടാൻ പോകരുതെന്നുമാണ് മുന്നറിയിപ്പ്. ഈയിടയ്ക്ക് കടൽത്തീരത്തെത്തിയ മിക്കവർക്കും ബ്ലൂ ഡ്രാഗണുകളെ കാണാൻ കഴിഞ്ഞു.