ramesh-chennithala-3

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിനെ സംബന്ധിച്ച് നടക്കുന്നത് സ്‌പ്രിൻക്‌ളർ കമ്പനിയുടെ പി.ആർ വർക്കാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിറംപിടിപ്പിച്ച അസത്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ സ്‌പ്രിൻക്‌ളർ തുടങ്ങിക്കഴിഞ്ഞു. അമേരിക്കൻ സെനറ്റർമാർ വരെ കേരളത്തെ പ്രശംസിക്കുന്നു. യു.എൻ സംഘടനകളുടെ അവാർഡുകൾ നേടിയെടുക്കാനാണ് ഇപ്പോഴത്തെ ശ്രമം. കൊവിഡിനെ പ്രതിരോധിക്കുന്നതിൽ സ്‌പ്രിൻക്‌ളറിന്റെ സംഭാവന എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അന്യസംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിനു പകരം നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞ് ബുദ്ധിമുട്ടിക്കുകയാണ്. നാല് വിമാനത്താവളങ്ങളിൽ ഒരുക്കിയ സംവിധാനങ്ങൾ ആറു ചെക്ക് പോസ്‌റ്റുകളിൽ ഒരുക്കിയിരുന്നെങ്കിൽ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. . എത്ര പേർ കുടുങ്ങിയിട്ടുണ്ടെന്ന കണക്കുപോലും സർക്കാരിന്റെ കൈയിലില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.