ദോഹ: ഞായറാഴ്ച അവസാന നിമിഷം റദ്ദാക്കപ്പെട്ട ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് പ്രത്യേക വിമാനം ചൊവ്വാഴ്ച പുറപ്പെടുമെന്ന് ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു. വൈകിട്ട് പുറപ്പെട്ട് രാത്രി 12.40ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും.
ഖത്തറിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ആദ്യവിമാനമാണിത്. കഴിഞ്ഞദിവസം മറ്റൊരു രാജ്യത്ത് നിന്ന് കോഴിക്കോട്ടേക്ക് പ്രവാസികളെ എത്തിച്ച വിമാനമായിരുന്നു ദോഹയിലേക്ക് പോകേണ്ടിയിരുന്നത്. എന്നാൽ വിമാനത്തിന് ദോഹയിൽ ഇറങ്ങാനുള്ള അനുമതി നിഷേധിച്ചതിനെത്തുടർന്ന് വിമാനം കരിപ്പൂരിൽ നിന്ന് പുറപ്പെട്ടിരുന്നില്ല. വിമാനത്തിൽ മടങ്ങാൻ അനുമതി ലഭിച്ചവർ വിമാനത്താവളത്തിലെത്തിയ ശേഷമാണ് വിമാനം റദ്ദാക്കിയ വിവരമറിഞ്ഞത്.