cat

മാഡ്രിഡ് : സ്പെയിനിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച പൂച്ചയെ ദയാവധത്തിന് വിധേയമാക്കി. കാറ്റലോണിയയിലെ ഒരു കുടുംബമാണ് പൂച്ചയെ വളർത്തിയിരുന്നത്. ഇവർക്കെല്ലാം നേരത്തെ തന്നെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗബാധ കണ്ടെത്തിയ ഉടമകളിൽ ഒരാൾ മരിക്കുകയും ചെയ്തു. ഇവരിൽ നിന്നും വൈറസ് പൂച്ചയിലേക്കും പകരുകയായിരുന്നു.

ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്നാണ് പൂച്ചയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൂച്ചയ്ക്ക് ഹൃദയത്തിന് തകരാർ കണ്ടെത്തിയിരുന്നു. ശരീര ഊഷ്മാവ് 38.2 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. പൂച്ചയുടെ രക്തത്തിലെ പ്ലേറ്റ്‌ലറ്റ് നിരക്ക് കുത്തനെ കുറഞ്ഞതിനാൽ രക്തം കട്ടപിടിക്കൽ അസാധ്യമാണെന്നും പരിശോധനയിൽ കണ്ടെത്തി. നാല് വയസുണ്ടായിരുന്ന പൂച്ചയ്ക്ക് ജന്മനാ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

രക്ഷപ്പെടുത്താനുള്ള എല്ലാ പഴുതുകളും അടഞ്ഞതോടെയാണ് ദയാവധത്തിന് വിധേയമാക്കിയത്. പൂച്ചയ്ക്ക് കൊവിഡ് ബാധിച്ചിരുന്നോ എന്ന സംശയത്തെ തുടർന്ന് ഡോക്ടർമാർ പൂച്ചയുടെ മൃതദേഹം പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തുകയും സ്രവ പരിശോധനയിലൂടെ വൈറസിന്റെ സാന്നിദ്ധ്യം ഉറപ്പിയ്ക്കുകയുമായിരുന്നു. സ്പെയിനിൽ ആദ്യമായി കൊവിഡ് കണ്ടെത്തുന്ന വളർത്തുമൃഗമാണിത്. ലോകത്ത് ഇത് ആറാം തവണയാണ് ഒരു വളർത്തുജീവിയിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.