കടയ്‌ക്കാവൂർ: അമ്മയാവുക എന്ന 58 കാരിയായ ഷീലയുടെ സ്വപ്‌നം പൂവണിഞ്ഞത് മാതൃദിനത്തിൽ. ഫിഷറീസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് ജോയിന്റ് ഡയറക്ടറായി വിരമിച്ച ഷീലയും പ്രൊഫസറായി വിരമിച്ച ബാലുവും വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ മാതാപിതാക്കളായതിന്റെ സന്തോഷത്തിലാണ്. മാതൃദിനത്തിൽ സിസേറിയനിലൂടെയാണ് ഷീല പെൺകുഞ്ഞിന് ജന്മം നൽകിയത്. താരാട്ടുപാടാനും തൊട്ടിലാട്ടാനും കുട്ടിക്കുറുമ്പുകൾ കണ്ടാസ്വദിക്കാനും ഇവർക്ക് ജോലിയുടെ തിരക്കുകളും സമ്മർദ്ദവുമില്ല. ലോകം മുഴുവൻ കൊവിഡ് 19ന്റെ ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോൾ ഇരുവർക്കും കൊവിഡ് ദുരിതകാലം സമ്മാനിച്ചത് ജന്മസാഫല്യമാണ്. ലോക്ഡൗൺ മൂലം പ്രസവശേഷവും മൂവാറ്റുപുഴ സബൈൻ ആശുപത്രിയിൽ തന്നെ കഴിയുന്ന ഷീലയെ മാതൃദിനത്തിൽ ആശുപത്രി അധികൃതർ മധുരവും പലഹാരങ്ങളും നൽകി ആദരിച്ചു. ഷീലയും ഭർത്താവ് കെ.ആർ. ബാലുവും ഒരു കുഞ്ഞിക്കാലിനായി 25 വർഷത്തോളം വിവിധ ആശുപത്രികളിൽ ചികിത്സ നടത്തിയിരുന്നു. കഴിഞ്ഞ വർഷമാണ് ബന്ധുകൂടിയായ ഡോ. സബൈൻ ശിവദാസിന്റെ അടുക്കൽ ചികിത്സയ്‌ക്കായി എത്തിയത്.