ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ സ്വദേശങ്ങളില്‍ എത്തിക്കുന്നതിനുള്ള ട്രെയിനുകളില്‍ പൂര്‍ണ തോതില്‍ ആളുകളെ കയറ്റുമെന്ന് റെയില്‍വേ. അവസാനത്തെ സ്റ്റേഷന്‍ കൂടാതെ സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്ന മറ്റു മൂന്നു സ്‌റ്റേഷനുകളില്‍ക്കൂടി ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ നിര്‍ത്തുമെന്നും റെയില്‍വേ വ്യക്തമാക്കി.
സ്ലീപ്പര്‍ ബര്‍ത്തുകളുടെ എണ്ണത്തിന് തുല്യമായ എണ്ണം യാത്രക്കാരെ ഓരോ ട്രെയിനുകളിലും യാത്രചെയ്യാന്‍ അനുവദിക്കും. ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകൾക്ക് 24 കോച്ചുകളാണുള്ളത്. ഓരോ കോച്ചുകളിലും 72 യാത്രക്കാര്‍ക്ക് വീതം യാത്രചെയ്യാം.
വരുംദിവസങ്ങളില്‍ പരമാവധി യാത്രക്കാരെ സ്വദേശങ്ങളില്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ആവശ്യമെങ്കില്‍ ദിനംപ്രതി 300 തീവണ്ടികള്‍ വരെ സര്‍വീസ് നടത്താന്‍ റെയില്‍വേയ്ക്ക് സാധിക്കുമെന്നും റെയില്‍വേ വ്യക്തമാക്കി.
സാമൂഹ്യ അകലം പാലിക്കുന്നതിനാൽ സ്‌പെഷ്യല്‍ ട്രെയിനുകളില്‍ 90 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കാന്‍ പാടുള്ളൂ എന്നായിരുന്നു നേരത്തെ റെയില്‍വേ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറഞ്ഞിരുന്നത്. മിഡില്‍ ബര്‍ത്തുകളില്‍ യാത്രക്കാരെ അനുവദിക്കരുതെന്നും റെയില്‍വെ വ്യക്തമാക്കിയിരുന്നു.